കൊൽക്കത്ത: പാർട്ടിക്ക് മുസ്ലീം സമുദായത്തിനിടയിൽ പ്രീതി കുറഞ്ഞുവെന്ന വിലയിരുത്തലിനെ തുടർന്ന് മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി മുഖ്യമന്ത്രി മമത ബാനർജി. സാഗർദിഗി ഉപതിരഞ്ഞെടുപ്പിലേറ്റ പരാജയം തൃണമൂൽ കോൺഗ്രസിനെ ഞെട്ടിച്ചിരുന്നു. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളുടെ അതൃപ്തി മൂലമാണ് പരാജയമെന്ന വിലയിരുത്തലിനെ തുടർന്നാണ് വകുപ്പ് മന്ത്രിയെ ഉൾപ്പെടെ മമത മാറ്റിയിരിക്കുന്നത്.
ന്യൂനപക്ഷ വകുപ്പും മദ്രസ വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്തിരുന്ന ഗുലാം റബ്ബാനിയെയാണ് മമത നീക്കിയത്. ടെക്‌സ്റ്റൈൽ വകുപ്പിന്റെ ചുമതല വഹിക്കുകയായിരുന്ന തജ്മൂൽ ഹുസൈനാണ് ന്യൂനപക്ഷ വകുപ്പിന്റെ അധിക ചുമതല നൽകിയത്. ഗുലാം റബ്ബാനിക്ക് ഹോർട്ടികൾച്ചർ വകുപ്പിന്റെ ചുമതലയാണ് ലഭിച്ചത്. മമത തന്നെയാകും ഇനി ന്യൂനപക്ഷ വകുപ്പിന്റെ ചുമതല നോക്കുക.
ന്യൂനപക്ഷ വിഭാഗങ്ങൾക്കും കുടിയേറ്റ തൊഴിലാളികൾക്കുമായി രണ്ട് ബോർഡുകൾക്കും രൂപം നൽകി. മൈനോറിറ്റി ഡെവപല്‌മെന്റ് ബോർഡും മൈഗ്രന്റ് ലേബർ ഡെവലപ്‌മെന്റ് ബോർഡുമാണ് രൂപീകരിച്ചത്. ന്യൂനപക്ഷങ്ങൾക്ക് വേണ്ടി ഒരു ഫിനാൻസ് കോർപ്പറേഷൻ നേരത്തെ തന്നെ നിലവിലുണ്ട്. ഇതിന് പുറമേയാണ് പുതിയ നീക്കം.
അന്യസംസ്ഥാനങ്ങളിലേക്ക് ജോലി തേടി പോയ തൊഴിലാളികൾ ഏറെയുളള മണ്ഡലമാണ് സാഗർദിഗി. ഇക്കുറി ഇവരാരും വോട്ട് ചെയ്യാൻ എത്തിയില്ല. തൃണമൂലിന്റെ പ്രധാന പരാജയ കാരണങ്ങളിലൊന്നായി പാർട്ടി കണ്ടെത്തിയതും ഇതായിരുന്നു. ഇതിനൊപ്പമാണ് ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗം തൃണമൂലുമായി അകന്നുവെന്ന വിലയിരുത്തൽ ഉണ്ടായത്.
ബംഗാളിലെ വോട്ട് ബാങ്കിൽ മൂന്നാമതാണ് ന്യൂനപക്ഷ വിഭാഗങ്ങൾ. സാഗർദിഗി തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ന്യൂനപക്ഷങ്ങൾക്ക് സർക്കാരിനോട് അതൃപ്തിയുണ്ടോയെന്ന് പരിശോധിക്കാൻ തൃണമൂൽ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് പുതിയ മാറ്റങ്ങളെന്നാണ് റിപ്പോർട്ട്.
പാർട്ടി ന്യൂനപക്ഷ സെല്ലിന്റെ നേതൃസ്ഥാനത്തും മമത നേരത്തെ അഴിച്ചുപണി നടത്തിയിരുന്നു. ദീർഘകാലമായി സെല്ലിന്റെ ചുമതല വഹിച്ചിരുന്ന ഹാജി നൂറുൽ ഇസ്ലാമിനെ മാറ്റി പകരം ഇതാഹർ എംഎൽഎ മൊസാറഫ് ഹുസൈന് ചുമതല നൽകുകയായിരുന്നു.
Discussion about this post