കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞയാൾ മരിച്ചു. മുഴുപ്പിലങ്ങാട് സ്വദേശി ടി.കെ മാധവൻ ആണ് മരിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് പയ്യാമ്പലത്ത് സംസ്‌കരിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ചയോടെയായിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്.
വെള്ളിയാഴ്ച രാവിലെയാണ് കോവിഡ് പ്രോട്ടോകോൾ പ്രകാരം മാധവന്റെ മൃതദേഹം സംസ്‌കരിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ജില്ലയിൽ ഉണ്ടാകുന്ന ആദ്യ കോവിഡ് മരണം കൂടിയാണ് ഇത്. നിരവധി പേർക്ക് കോവിഡ് ബാധിച്ചിരുന്നു എങ്കിലും ഗുരുതരമായിരുന്നില്ല. കഴിഞ്ഞ വർഷം ജൂണിന് മുൻപായിരുന്നു കോവിഡിനെ തുടർന്നുള്ള അവസാന മരണം സ്ഥിരീകരിച്ചത്.
മാധവൻ പ്രായാധിക്യത്തെ തുടർന്നുള്ള അവശതകൾ നേരിട്ടിരുന്നതായി കണ്ണൂർ ഡിഎംഒ വ്യക്തമാക്കി. മറ്റ് പല അസുഖങ്ങളും അദ്ദേഹത്തിന്റെ അസുഖം മൂർച്ഛിക്കുന്നതിന് കാരണമായി. ഇതാണ് മരണത്തിലേക്ക് നയിച്ചത്. ജില്ലയിൽ മൂന്ന് പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡ് മരണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതായും ഡിഎംഒ അറിയിച്ചു.












