ആംസ്റ്റർഡാം: നെതർലൻഡ് സ്വദേശിയായ 41 കാരനെ ബീജം ദാനം ചെയ്യുന്നതിൽ നിന്ന് വിലക്കി ഡച്ച് കോടതി. ബീജദാനത്തിലൂടെ ലോകത്തുടനീളം ഏകദേശം 600 കുട്ടികളുടെ അച്ഛനായി തീർന്ന ജോനാഥ് മെയ്ജർ എന്ന യുവാവിനെയാണ് കോടതി വിലക്കിയത്.
ഇനിയും ഇത് തുടർന്നാൽ കനത്ത പിഴ ചുമത്തുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഒരു ബീജത്തിന് ഒരു ലക്ഷം യൂറോ(ഏകദേശം 90 ലക്ഷം രൂപ)യാണ് പിഴയൊടുക്കേണ്ടിവരിക. ഏതെങ്കിലും ക്ലിനിക്കുകളിൽ ബീജം ശേഖരിച്ചുവച്ചിട്ടുണ്ടെങ്കിൽ അതു നശിപ്പിക്കാൻ ആവശ്യപ്പെടണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.മെയ്ജറിന്റെ ബീജത്തിലൂടെയുണ്ടായ കുട്ടികളെയും ബീജം സ്വീകരിച്ച രക്ഷിതാക്കളെയും പ്രതിനിധീകരിച്ച് ഒരു ഫൗണ്ടേഷൻ കോടതിയെ സമീപിക്കുകയായിരുന്നു.
ഇയാൾ ഇനി ബീജദാനം തുടരുന്നത് കുട്ടികളുടെ സ്വകാര്യ ജീവിതത്തിനുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. അറിയാതെ രക്തബന്ധത്തിലുള്ളവരുമായുള്ള ലൈംഗികബന്ധത്തിലേർപ്പെടാൻ സാധ്യതയുണ്ട്. ഇതിനാൽ, കുട്ടികൾക്ക് സ്വസ്ഥമായി പ്രണയബന്ധത്തിലേർപ്പെടാനാകില്ലെന്നും ഫൗണ്ടേഷൻ ആരോപിച്ചു.
2017ലാണ് യുവാവിന്റെ ബീജദാനം വാർത്തയാകുന്നത്. ഈ സമയത്ത് നൂറോളം കുട്ടികളുടെ പിതാവായിരുന്നു ഇയാൾ. അന്ന് ഇയാൾ ബീജക്ലിനിക്കുകൾക്ക് സംഭാവന നൽകുന്നത് ഡച്ച് കോടതി വിലക്കിയിരുന്നു. എന്നാൽ, ഇതിനുശേഷവും ഇയാൾ, പേര് മാറ്റി നെതർലൻഡ്സിനു പുറത്ത് ബീജദാനം തുടരുകയായിരുന്നു.
Discussion about this post