ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ അഴിക്കുളളിൽ തന്നെ തുടരും. സിബിഐ കസ്റ്റഡി അവസാനിച്ച പശ്ചാത്തലത്തിൽ മനീഷ് സിസോദിയയെ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതിയാണ് മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ തീരുമാനിച്ചത്.
കഴിഞ്ഞ മാസം 26 നാണ് മനീഷ് സിസോദിയ അറസ്റ്റിലായത്. ഇതിന് പിന്നാലെ അദ്ദേഹം ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. തിഹാർ ജയിലിലേക്കാണ് മനീഷ് സിസോദിയയെ മാറ്റുക. സിസോദിയ ആവശ്യപ്പെട്ട പ്രകാരം മരുന്നുകളും പേനയും ഡയറിയും ഭഗവത് ഗീതയും കൈവശം വെയ്ക്കാൻ കോടതി അനുമതി നൽകിയിട്ടുണ്ട്.
നേരത്തെ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും കോടതി ഈ ഘട്ടത്തിൽ ഇടപെടാൻ വിസമ്മതിച്ചിരുന്നു. നിയമപരമായ മറ്റ് പരിഹാരമാർഗങ്ങൾ നോക്കാനായിരുന്നു കോടതിയുടെ നിർദ്ദേശം. തുടർന്ന് റോസ് അവന്യൂ കോടതിയിൽ ജാമ്യഹർജി നൽകിയങ്കിലും ഈ മാസം പത്തിനാണ് പരിഗണിക്കുക. അതുവരെ സിസോദിയ ജയിലിൽ തന്നെ കഴിയേണ്ടി വരും.
അഞ്ച് ദിവസത്തേക്കാണ് സിസോദിയയെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. എന്നാൽ സിബിഐ തന്നോട് ചോദിച്ച കാര്യങ്ങൾ തന്നെ ആവർത്തിച്ച് ചോദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും മാനസീകപീഡനമാണ് ഇതിലൂടെ നടത്തുന്നതെന്നും ജാമ്യാപേക്ഷയിൽ സിസോദിയ പറഞ്ഞിരുന്നു.
മദ്യനയത്തിലെ പഴുതുകൾ ഉപയോഗിച്ച് ആം ആദ്മി പാർട്ടി ഫണ്ട് ശേഖരിച്ചതായും ഗോവ തിരഞ്ഞെടുപ്പിലെ പ്രചാരണത്തിന് ഉൾപ്പെടെ ഈ പണം ഉപയോഗിച്ചതായും നേരത്തെ സിബിഐ കണ്ടെത്തിയിരുന്നു.
Discussion about this post