തുംകുരു; ഇന്ത്യയിലെ ഏറ്റവും വലിയ ഹെലികോപ്ടർ നിർമാണ ഫാക്ടറി കർണാടകയിലെ തുംകുരുവിൽ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി. എച്ച്എഎലിന്റെ തുംകുരുവിലെ ഫാക്ടറിയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. കേന്ദ്രസർക്കാരിനെ ആക്രമിക്കാൻ എച്ച്എഎൽ എന്ന പേര് പലരും ഉപയോഗിച്ചുവെന്ന് നരേന്ദ്രമോദി ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
കേന്ദ്രസർക്കാരിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പലരും കൂട്ടുപിടിച്ച സ്ഥാപനമാണ് എച്ച്എഎൽ. കളളം എത്ര വലുതാണെങ്കിലും ഒരു നാൾ സത്യത്തിന് മുൻപിൽ അത് തകർന്നടിയുമെന്ന് നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തതയാണ് എച്ച്എഎൽ ഊന്നിപ്പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എച്ച്എഎൽ ഇന്ത്യൻ സൈന്യത്തിനായി നിർമ്മിച്ച തേജസ് വിമാനങ്ങൾ ഇന്ന് ലോകരാജ്യങ്ങളെപ്പോലും ആകർഷിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് എച്ച്എഎൽ വളർന്നുകൊണ്ടിരിക്കുന്ന ശക്തിയായി മാറി. ഒപ്പം ഈ ഹെലികോപ്ടർ ഫാക്ടറി പഴയ പല കളളങ്ങളും വ്യാജ ആരോപണക്കാരെയും തുറന്നുകാട്ടുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തുടക്കത്തിൽ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകളാണ് ഫാക്ടറിയിൽ നിർമിക്കുക. അടുത്ത 20 വർഷത്തിനുളളിൽ 3-15 ടൺ ഭാരമുള്ള 1000 ഹെലികോപ്ടറുകൾ നിർമിക്കാനാണ് പദ്ധതി. 2016 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എച്ച്എഎൽ ഹെലികോപ്ടർ ഫാക്ടറിക്ക് തറക്കല്ലിട്ടത്.
ഹെലികോപ്റ്ററുകൾ നിർമ്മിക്കാനുള്ള ശേഷിയും ആവാസവ്യവസ്ഥയും വർദ്ധിപ്പിക്കുന്ന ഗ്രീൻഫീൽഡ് ഹെലികോപ്റ്റർ ഫാക്ടറിയാണിത്. തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് വികസിപ്പിച്ച 3-ടൺ ക്ലാസ്, സിംഗിൾ എഞ്ചിൻ മൾട്ടി പർപ്പസ് യൂട്ടിലിറ്റി ഹെലികോപ്റ്ററാണ് ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്ടറുകൾ. ഭാവിയിൽ ഇവ കയറ്റുമതി ചെയ്യാനുള്ള സാധ്യത കൂടിയാണ് ഈ ഫാക്ടറിയിലൂടെ രാജ്യം തുറന്നിടുന്നത്.
Discussion about this post