ദിമാപൂർ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വികസന മുരടിപ്പിന് കോൺഗ്രസിനെ നിശിതമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാഗാലാൻഡിൽ ബിജെപിയുടെ റാലിയിൽ പങ്കെടുക്കവേ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. മേഖലയുടെ വികസനത്തിന് അനുവദിക്കുന്ന ഫണ്ട് അടിച്ചുമാറ്റാനുളള എടിഎം ആയി മാത്രമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ കോൺഗ്രസ് പരിഗണിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദിമാപൂരിലെ പൊതുറാലിയിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
കോൺഗ്രസ് അധികാരത്തിലിരുന്ന കാലമത്രയും നാഗാലാൻഡിൽ രാഷ്ട്രീയ അസ്ഥിരതയായിരുന്നു നിലനിന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഡൽഹിയിലിരുന്ന് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ റിമോട്ട് കൺട്രോൾ ഭരണം മാത്രമാണ് കോൺഗ്രസ് നടത്തിയതെന്നും നരേന്ദ്രമോദി വിമർശിച്ചു. നാഗാലാൻഡിനെയോ എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയോ ബിജെപി എടിഎം ആയി കണ്ടിട്ടില്ല. ഞങ്ങൾക്കിത് അഷ്ടലക്ഷ്മിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വടക്ക് കിഴക്കൻ മേഖലയിൽ ബിജെപിക്ക് അംഗീകാരം വർദ്ധിച്ചുവരികയാണ്. നാഗാലാൻഡിൽ ബിജെപി- എൻഡിപിപി സഖ്യ സർക്കാരിനും ഈ പിന്തുണ കാണാം. വിശ്വാസത്തിലും വികസനത്തിലുമാണ് നാഗാലാൻഡ് മുന്നോട്ടുപോകുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്‌കാരികവും അല്ലാത്തതുമായ ശേഷി പൂർണമായി വിനിയോഗിക്കാൻ തങ്ങൾ ഏറെ പ്രയത്‌നിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഒൻപത് വർഷത്തിനുളളിൽ ഡൽഹിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമായുളള ദൂരം കുറച്ചു. പല തവണ തനിക്ക് ഇവിടെ വരാൻ കഴിയുന്നുണ്ട്. കേന്ദ്രമന്ത്രിമാരും പതിവായി എത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സുസ്ഥിര പുരോഗതിയും സമാധാന അന്തരീക്ഷവുമാണ് നാഗാലാൻഡിനെക്കുറിച്ചുള്ള ബിജെപി നയത്തിന്റെ അടിത്തറയെന്നും പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post