മാള: ഇന്ത്യ ഭരിച്ച മുസ്ലീം രാജാക്കൻമാർ ക്ഷേത്രങ്ങൾ തകർത്തുവെന്ന് പറയുന്നത് ചരിത്ര വസ്തുതകൾക്ക് വിരുദ്ധമെന്ന് കെടി ജലീൽ. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയുടെ മാളയിലെ സ്വീകരണവേദിയിലായിരുന്നു ജലീലിന്റെ പരാമർശം. മദ്ധ്യകാലഘട്ടത്തിലും അതിന് മുൻപ് പ്രാചീന ഇന്ത്യാ ചരിത്രകാലത്തും മുഗൾചക്രവർത്തിമാർ ക്ഷേത്രങ്ങൾ തകർത്തുവെന്നാണ് ആർഎസ്എസുകാർ പറഞ്ഞു പ്രചരിപ്പിക്കാൻ ശ്രമിച്ചതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജലീലിന്റെ വാക്കുകൾ.
മുസ്ലീം രാജാക്കൻമാർ ഇന്ത്യ ഭരിച്ചപ്പോൾ ക്ഷേത്രങ്ങൾ അക്രമിക്കപ്പെട്ടെന്നും വർഗീയ കലാപങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമുളള പ്രചാരണം വ്യാജമാണ്. ചരിത്ര വസ്തുതകൾക്ക് വിരുദ്ധമാണ്. എട്ട് നൂറ്റാണ്ട് മുസ്ലീം രാജാക്കൻമാർക്ക് ഇന്ത്യ ഭരിക്കാൻ കഴിഞ്ഞത് രാജ്യത്തെ ഭൂരിപക്ഷ ഹൈന്ദവ മതസമുദായത്തിന്റെ അംഗീകാരത്തോടെയും അവരുടെ ആശീർവാദത്തോടെയുമാണെന്നാണ് ജലീലിന്റെ വാദം.
അല്ലെങ്കിൽ ഒരിക്കലും ഇത്രയും വർഷം തുടർച്ചയായി മുസ്ലീം ചക്രവർത്തിമാർക്ക് ഇന്ത്യ ഭരിക്കാൻ കഴിയുമായിരുന്നില്ല. ആ എട്ട് നൂറ്റാണ്ടിനിടയിൽ എവിടെയും ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിൽ ഒരു വർഗീയ കലാപം നടന്നതായി കേട്ടുകേൾവിയില്ല. 1857 ൽ ഇന്ത്യയുടെ മഹത്തായ ഒന്നാം സ്വാതന്ത്ര്യസമരം അരങ്ങേറി. ആ സ്വാതന്ത്ര്യ സമരത്തിൽ മഹാഭൂരിപക്ഷം ഹിന്ദുമതവിശ്വാസികളുളള ഇന്ത്യ അതിന്റെ സ്വാതന്ത്ര്യപോരാട്ടത്തിന്റെ നേതാവായി തിരഞ്ഞെടുത്തത് അവസാന മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർ ഷാ സഫറിനെയാണ്.
ഒന്നാം സ്വാതന്ത്ര്യസമരത്തെ തുടർന്ന് ബ്രിട്ടീഷ് ഭരണമാണ് ഇന്ത്യയിൽ നടന്നത്. ബ്രിട്ടീഷുകാർ വിശ്വാസം കൊണ്ട് ക്രൈസ്തവരായിരുന്നു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായ വലിയ പോരാട്ടങ്ങൾ നടന്ന രാജ്യമാണ് ഇന്ത്യ. ആ സമയത്ത് ഒന്നും ക്രൈസ്തവരായ ബ്രിട്ടീഷുകാർ രാജ്യം വിട്ടുപോകണം എന്ന് ആരും പറഞ്ഞിട്ടില്ല.
സ്വാതന്ത്ര്യം കിട്ടി നിലവിൽ വന്ന ഭരണഘടനയുടെ തണലിലാണ് ഇന്ത്യ ഒരു മതേതര രാജ്യമായത് എന്നാണ് പലരും വിചാരിക്കുന്നത്. സാങ്കേതികമായി അത് ശരിയാണെന്ന് പറയാമെങ്കിലും ലോകത്ത് ഒരു ജനതയേയും പെട്ടന്ന് ഒരു സുപ്രഭാതത്തിൽ മതനിരപേക്ഷവാദികളാക്കാൻ കഴിയില്ല. ഇന്ത്യക്കാരുടെ രക്തത്തിൽ ലയിച്ച വികാരമാണ് മതേതരത്വമെന്നും ജലീൽ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് ശേഷം നീണ്ട 17 വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നത് ഒരു മതത്തിലും വിശ്വാസമില്ലാത്ത പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവാണ്. രാജ്യം മതാടിസ്ഥാനത്തിൽ വിഭജിക്കപ്പെട്ടപ്പോൾ പാകിസ്താനിലേക്ക് പോകാൻ അവസരമുണ്ടായിട്ടും ഇന്ത്യയിലെ മുസ്ലീം ജനവിഭാഗം തങ്ങളുടെ സഹോദര സമുദായങ്ങളുമൊത്ത് ജീവിക്കുകയാണ് ഒരു മതാധിഷ്ടിത രാജ്യത്തേക്ക് പോകുന്നതിലും നല്ലത് എന്ന് തീരുമാനിച്ച് ഈ രാജ്യത്ത് തന്നെ നിൽക്കാൻ തീരുമാനമെടുക്കുകയാണ് ചെയ്തതെന്നും ജലീൽ പറഞ്ഞു.
ഇന്ന് പാകിസ്താനെക്കാളധികം മുസ്ലീം ജനസംഖ്യ ഇന്ത്യയിൽ ഉണ്ട്. പാകിസ്താനിൽ 18 കോടിയാണ് മുസ്ലീം ജനസംഖ്യയെങ്കിൽ ഇന്ത്യയിൽ 22 കോടിയിലധികമാണ് അത്. ലോകത്ത് ഏറ്റവുമധികം മുസ്ലീങ്ങളുളള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇങ്ങനെ ഇന്ത്യയ്ക്കാകാൻ കഴിഞ്ഞത് എല്ലാ ജാതി മതസ്ഥരെയും ഉൾക്കൊളളാൻ ഈ നാടിന് സാധിച്ചു എന്നതുകൊണ്ടാണ്. ആരും ആരെയും തളളിപ്പറഞ്ഞില്ല. മതം വിശ്വാസം ഇതൊന്നും ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഒരു വിഷയമേ ആയിരുന്നില്ലെന്നും ജലീൽ പ്രസംഗത്തിൽ പറഞ്ഞു.
Discussion about this post