തിരുവനന്തപുരം: പട്ടിണിക്കാരനായാലും സമ്പന്നനായാലും കായിക മത്സരങ്ങൾ അവരുടെ മൗലിക അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അതിന് സാമ്പത്തികമായ ഘടന തിരിച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്നതല്ല ശരിയെന്നും അദ്ദേഹം പറഞ്ഞു.
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ -ശ്രീലങ്ക ഏകദിന മത്സരത്തിൽ കാണികൾ കുറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പട്ടിണി കിടക്കുന്നവർ കളി കാണേണ്ടെന്ന മന്ത്രി അബ്ദുറഹ്മാന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. മന്ത്രിയുടെ പ്രസ്താവന കാണികൾ പിൻമാറാനുളള പ്രധാന കാരണമായി ഉയർന്നുവന്നിരുന്നു.
മന്ത്രിയുടെ പ്രസ്താവന മാത്രമല്ല കളി കാണാൻ ആളുകൾ കുറയാൻ കാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. മന്ത്രി അത് ഉദ്ദേശിച്ചിട്ടുമില്ല. പരാമർശമല്ല, ടിക്കറ്റിന്റെ വിലയെക്കുറിച്ച് പറഞ്ഞപ്പോൾ പറഞ്ഞ കാര്യമാണത്. അല്ലാതെ പാവപ്പെട്ടവരൊന്നും ക്രിക്കറ്റ് കാണാൻ പാടില്ലെന്ന് ആരെങ്കിലും പറയുമോയെന്ന് എംവി ഗോവിന്ദൻ ചോദിച്ചു.
ആളുകൾ കുറഞ്ഞതിന് മറ്റ് പല ഘടകങ്ങളുണ്ട്. അത് എന്താണെന്ന് കണ്ടുപിടിക്കണം. നിങ്ങൾ തന്നെ ഒന്ന് അന്വേഷിച്ചു നോക്കാനും മാദ്ധ്യമപ്രവർത്തകരോട് എംവി ഗോവിന്ദൻ പറഞ്ഞു.













Discussion about this post