ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിവാഹത്തിന് നേരിട്ടെത്തി ക്ഷണിച്ച് ഓയോ റൂംസ് സ്ഥാപകനും യുവസംരംഭകനുമായ റിതേഷ് അഗർവാൾ. അമ്മയും പ്രതിശ്രുത വധുവുമൊത്താണ് റിതേഷ് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് വിവാഹ ക്ഷണക്കത്ത് കൈമാറിയത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചു. തന്റെ അമ്മയ്ക്ക് ഏറ്റവും കൂടുതൽ പ്രചോദനം നൽകുന്നത് പ്രധാനമന്ത്രിയുടെ സ്ത്രീശാക്തീകരണ നിലപാടുകളാണെന്ന് റിതേഷ് അഗർവാൾ ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
പ്രധാനമന്ത്രി നൽകിയ സ്വീകരണത്തിന്റെ ഊഷ്മളത വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ലെന്ന് റിതേഷ് അഗർവാൾ പറഞ്ഞു. വിലപ്പെട്ട സമയം തങ്ങൾക്കായി നീക്കിവെച്ചതിന് അദ്ദേഹം പ്രധാനമന്ത്രിക്ക് നന്ദിയും അറിയിച്ചു. പ്രധാനമന്ത്രിയെ ഷാൾ അണിയിക്കുന്നതിന്റെയും വിവാഹക്ഷണക്കത്ത് കൈമാറുന്നതിന്റെയും അദ്ദേഹവുമായി സംസാരിക്കുന്നതിന്റെയും ചിത്രങ്ങളാണ് റിതേഷ് അഗർവാൾ പങ്കുവെച്ചത്. മാർച്ചിലാണ് റിതേഷ് അഗർവാളിന്റെ വിവാഹം.
പ്രധാനമന്ത്രിയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങിയാണ് റിതേഷും ഭാവി വധുവും മടങ്ങിയത്. വിവാഹത്തിന് ശേഷം ഡൽഹിയിലെ ഹോട്ടലിൽ വിവാഹ സൽക്കാരവും ഒരുക്കിയിട്ടുണ്ട്. 19 ാം വയസിലാണ് റിതേഷ് അഗർവാൾ ഓയോ റൂംസിന് തുടക്കമിട്ടത്. ഇന്ന് രാജ്യത്തെ കോടീശ്വരൻമാരിൽ ഒരാളാണ് ഈ യുവ സംരംഭകൻ.
നിലവിൽ 80 രാജ്യങ്ങളിലെ 800 ലധികം നഗരങ്ങളിൽ ഓയോയുടെ പ്രവർത്തനമുണ്ട്. രാജ്യത്ത് വിനോദസഞ്ചാരവും സംരംഭകത്വവും വളർത്താൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും മറ്റൊരു ട്വീറ്റിൽ റിതേഷ് അഗർവാൾ വ്യക്തമാക്കി.
Discussion about this post