റോം : ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിൽ അന്യഗ്രഹ ജീവികൾ അമേരിക്ക ആക്രമിക്കാൻ വരുമ്പോൾ കാണുന്നതു പോലെ ഒരു ചുവന്ന വലയം. കഴിഞ്ഞ മാർച്ച് 27 ന് ഇറ്റലിക്കാരെ സ്വാഗതം ചെയ്തത് ഇതായിരുന്നു. ഏതാണ്ട് 360 കിലോമീറ്റർ കവിഞ്ഞ് ഈ വലയം പ്രത്യക്ഷപ്പെട്ടു. മദ്ധ്യ ഇറ്റലിയുടെ ആകാശത്തായിരുന്നു ഈ അത്ഭുത പ്രതിഭാസം. ഒരു ഫോട്ടോഗ്രാഫറുടെ ചിത്രത്തിലൂടെയാണ് സംഭവം പുറം ലോകമറിഞ്ഞത്.
അമ്പരന്ന ജനങ്ങൾ പറക്കും തളികയെന്ന ഊഹാപോഹം പ്രചരിപ്പിച്ചപ്പോൾ കൃത്യമായ ഉത്തരവുമായി ശാസ്ത്രം ഊഹാപോഹങ്ങൾക്ക് മറുപടി നൽകി. കൊടുങ്കാറ്റിന് കാരണമാകുന്ന മേഘങ്ങൾക്ക് മേൽ അത്യധികം ശക്തമായ മിന്നൽ പതിക്കുമ്പോൾ സംഭവിക്കുന്ന പ്രതിഭാസമാണിതെന്ന് ശാസ്ത്രം വിശദീകരിക്കുന്നു. അപൂർവ്വമായി ഉണ്ടാകുന്നതാണിത്.
മിന്നൽ വഴിയുണ്ടാകുന്ന വൈദ്യുത കാന്തിക ഡിസ്ചാർജ് അയണോസ്ഫിയറിൽ പതിക്കുമ്പോഴാണ് ഈ ചുവന്ന വലയം ഉണ്ടാകുന്നത്. സാധാരണ മിന്നൽ പിണറുകൾ 10 മുതൽ 30 കിലോ ആമ്പിയർ വരെ കറന്റ് പ്രവഹിപ്പിക്കുമ്പോൾ അതിന്റെ പത്ത് മടങ്ങായിരിക്കും ഇത്തരം മിന്നലിൽ അടങ്ങിയിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഫോട്ടോ എടുക്കാൻ താൻ പരമാവധി ശ്രമിക്കാറുണ്ടെന്ന് ഫോട്ടോ ഗ്രാഫറായ വാൾട്ടർ ബിനോട്ടോ പറയുന്നു.600 കിലോമീറ്റർ വരെ വിസ്തൃതിയിൽ ചുവന്ന വലയം കണ്ടെന്നാണ് ബിനോട്ടോയുടെ അവകാശവാദം. ഇറ്റലിയിൽ മാത്രമല്ല ഫ്രാൻസ്, ക്രൊയേഷ്യ, ഓസ്ട്രിയ, ഹംഗറി എന്നീ രാജ്യങ്ങളുടെ ആകാശത്തും താനീ ചിത്രമെടുത്തിട്ടുണ്ടെന്നും ബിനോട്ടോ വ്യക്തമാക്കി.











