കൊഹിമ: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് നാഗാലാൻഡിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ ഒരു ഏട് കൂടിയാണ് സംഭാവന ചെയ്യുന്നത്. സംസ്ഥാനത്ത് ആദ്യമായി രണ്ട് വനിതകൾ എംഎൽഎമാരായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. എൻഡിപിപി സ്ഥാനാർത്ഥികളായി മത്സരിച്ച ഹെകാനി ജഖാലു, സൽഹൗതുവോനുവോ ക്രൂസെ എന്നിവരാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലൂടെ ദേശീയ രാഷ്ട്രീയത്തിന്റെ കൂടി ഭാഗമായത്. ഇതിലൂടെ അവസാനിച്ചതാകട്ടെ 60 വർഷക്കാലമായി നിയമസഭയിൽ തുടർന്നിരുന്ന ആൺകോയ്മ.
വെസ്റ്റേൺ അംഗാമി എസി മണ്ഡലത്തിൽ നിന്നാണ് ജഖാലു നിയമസഭയിൽ സ്ഥാനം ഉറപ്പിച്ചത്. എൽജെപിയുടെ അഷെതോ ഷിമോമിയെ 1536 വോട്ടുകൾക്ക് തോൽപ്പിച്ചായിരുന്നു ജഖാലുവിന്റെ വിജയഗാഥ . വർഷങ്ങളായി രാഷ്ട്രീയ രംഗത്ത് തുടരുന്ന വ്യക്തിയാണ് ജഖാലു. ഇതിന് പുറമേ നിരധി യുവാക്കൾക്ക് തൊഴിലുമായി ബന്ധപ്പെട്ട ഉപദേശം നൽകുന്ന സർക്കാർ ഇതര സംഘടനയുടെ ചുമതലക്കാരികൂടിയാണ് ഇവർ. സാമൂഹ്യരംഗത്ത് നൽകിയ സംഭാവനകൾ 2018 ൽ ജഖാലു നാരീശക്തി പുരസ്‌കാരം നേടിക്കൊടുത്തു. നിരവധി കാലം അമേരിക്കയിലും ജഖാലു ജോലി ചെയ്തിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസത്തിന് ശേഷം അഭിഭാഷകയായിട്ടായിരുന്നു ജഖാലു ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തൊഴിലിനായി നാഗാലാന്റിലെ യുവാക്കൾ ഡൽഹിയിലേക്ക് പലായനം ചെയ്യുന്നത് ഇവരെ ഒരുപാട് വേദനിപ്പിച്ചു. ഇതിന് ശേഷമായിരുന്നു യുവാക്കളെ തൊഴിൽ കണ്ടെത്തുന്നതിനായി സഹായിക്കുന്ന സംഘടന യൂത്ത് നെറ്റ് എന്ന പേരിൽ ആരംഭിച്ചത്. 30 ഓളം തൊഴിലാളികളാണ് ഇതിൽ ജോലി ചെയ്യുന്നത് എന്നാണ് ജഖാലു പറയുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും നാരീ ശക്തി പുരസ്‌കാരം സ്വന്തമാക്കുന്ന ഏക വനിത കൂടിയാണ് ജഖാലു.
നാഗാലാന്റിലെ വിജയത്തോടൊപ്പം 56 കാരിയായ ക്രൂസെയ്ക്ക് പറയാനുള്ള സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങളുടെ കൂടി കഥയാണ്. സ്ത്രീകൾക്ക് വേണ്ടിയുള്ള അംഗമി വുമൺ ഓർഗനൈ സേഷന്റെ അദ്ധ്യക്ഷയാണ് ക്രൂസെ. ഡൽഹി സർവ്വകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ക്രൂസെ അന്ന് മുതൽ തന്നെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടം ആരംഭിച്ചിരുന്നു.
ഭർത്താവിൽ നിന്നാണ് ഇവർ രാഷ്ട്രീയത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ചത്. തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയുമായായിരുന്നു ക്രൂസെയുടെ പോരാട്ടം. ഒടുവിൽ ജയം ക്രൂസെയ്‌ക്കൊപ്പം നിന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും നാഗാലാന്റ് മുഖ്യമന്ത്രി നെയ്ഫിയു റിയോയുമായിരുന്നു ഇവർക്കായി പ്രചാരണത്തിനെത്തിയത്.
Discussion about this post