ഓരോദിവസവും പുതിയ പുതിയ തട്ടിപ്പിന്റെ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയത് ഇ സിമ്മിന്റെ പേരിലുള്ളതാണ് വെര്‍ച്വല്‍ അറസ്റ്റും അത്ര പഴയതല്ല താനും ഇപ്പോഴിതാ ഒറ്റപ്പാലം നഗരത്തിലെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിലെ ജീവനക്കാരിയെ ഭീഷണിപ്പെടുത്തി ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനു ശ്രമമെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
തട്ടിപ്പു സംശയിച്ച ജീവനക്കാരി പൊലീസിനെ സമീപിച്ചതോടെയാണ് ഇവരുടെ വലയില്‍ നിന്നു തടിയൂരിയത്. തിരുവനന്തപുരത്തെ സൈബര്‍ സെല്‍ ആസ്ഥാനത്തു നിന്നാണെന്നു വിശ്വസിപ്പിച്ചാണു കഴിഞ്ഞ ദിവസം ഫോണ്‍വിളിയെത്തിയത്. മൊബൈല്‍ ഫോണ്‍ വഴി അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പൊലീസ് നിരീക്ഷണത്തിലാണെന്നുമുള്ള നിലയിലായിരുന്നു സംഭാഷണം.
ഫോണ്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനു കൈമാറുകയാണെന്നും ചോദിക്കുന്ന മുഴുവന്‍ വിവരങ്ങളും കൃത്യമായി നല്‍കണമെന്നും അറിയിച്ചതോടെ അപകടം മണത്ത ഇവര്‍ കോള്‍ കട്ട് ചെയ്തു. പൂര്‍ണമായും മലയാളത്തില്‍ തന്നെയായിരുന്നു സംഭാഷണം. പിന്നീട് ഇവര്‍ ഈ നമ്പറില്‍ തിരിച്ചുവിളിക്കാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. ഇതോടെ യുവതി ഫോണുമായി പൊലീസിനെ സമീപിച്ചു. പൊലീസ് പല തവണ വിളിച്ചപ്പോഴും ഫോണ്‍ എടുത്തില്ല. ഇതിനിടെ ‘മെസേജ് കരോ’ എന്ന മൊബൈല്‍ ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു
ഇതിനിടെ മറുഭാഗത്തു പൊലീസ് ആണെന്നു തട്ടിപ്പുകാര്‍ തിരിച്ചറിഞ്ഞതായാണു സംശയം. ഇതോടെ സന്ദേശങ്ങള്‍ കൈമാറുന്നതു നിര്‍ത്തി. പിന്നീടു പൊലീസ് പലതവണ ഫോണ്‍ വഴിയും മെസേജുകള്‍ അയച്ചും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നീട് ഇവര്‍ ഒഴിഞ്ഞുമാറി.
വെര്‍ച്വല്‍ അറസ്റ്റ് പോലുള്ള കള്ളക്കഥകള്‍ പൊളിഞ്ഞതോടെ പുതിയ തട്ടിപ്പ് രീതികള്‍ കണ്ടെത്തുന്ന തിരക്കിലാണ് ഈ തട്ടിപ്പ് സംഘങ്ങള്‍ വളരെ പുതിയ ആളുകള്‍ വിശ്വസിക്കുന്ന എന്തെങ്കിലുമൊക്കെ ആവും പുതുതായി അവര്‍ പരീക്ഷിക്കുക.
Discussion about this post