വെല്ലിംഗ്ടൺ : ചരിത്രമെഴുതി ന്യൂസ്‌ലൻഡിന്റെ ഒരു റൺ ജയം. ഇംഗ്ലണ്ടിനെതിരെ ഫോളോ ഓൺ വഴങ്ങിയിട്ടാണ് ഉജ്ജ്വല പ്രകടനത്തോടെ ന്യൂസ്‌ലൻഡ് ജയം സ്വന്തമാക്കിയത്. ഇതോടെ രണ്ട് ടെസ്റ്റുകളുടെ പരമ്പര 1-1 ന് സമനിലയിലായി. ജയിക്കാൻ രണ്ട് റൺസ് എന്ന നിലയിൽ നിൽക്കെ ജെയിംസ് ആൻഡേഴ്സൺ വാഗ്നറുടെ പന്തിൽ ബ്ളണ്ടലിന്റെ ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ന്യൂസ്‌ലൻഡിന് ഉദ്ദേശിച്ച തുടക്കം തന്നെയാണ് ലഭിച്ചത്. 21 റൺസെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ മൂന്ന് മുൻനിര ബാറ്റ്സ്മാന്മാർ പവലിയനിലെത്തിയിരുന്നു. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ജോ റൂട്ടും ഹാരി ബ്രൂക്കും സ്ടോക്ക് പ്ളേയിലൂടെ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. ഇരുവരുടേയും സെഞ്ച്വറി പ്രകടനത്തിൽ ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ എട്ടു വിക്കറ്റിന് 435 റൺസ് എടുത്ത് ഡിക്ലയർ ചെയ്തു. റൂട്ട് 153 റൺസും ബ്രൂക്ക് 186 റൺസുമെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസ്‌ലൻഡ് പക്ഷേ ഇംഗ്ലീഷ് ബൗളിംഗിനു മുന്നിൽ തകർന്ന് പോവുകയായിരുന്നു. 103 റൺസിന് 7 വിക്കറ്റ് നഷ്ടമായ കീവീസിനെ ടി20 ശൈലിയിൽ ബാറ്റ് വീശിയ ടിം ക്യാപ്ടൻ സൗത്തിയാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 49 പന്തിൽ അഞ്ച് ബൗണ്ടറികളും ആറ് സിക്സറുകളും സഹിതം 73 റൺസാണ് സൗത്തി നേടിയത്. ആൻഡേഴ്സൺ മൂന്നും സ്റ്റുവർട്ട് ബ്രോഡ് നാലും വിക്കറ്റുകൾ വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ശ്രദ്ധയോടെ ബാറ്റ് ചെയ്ത ന്യൂസ്‌ലൻഡ് സ്റ്റാർ ബാറ്റർ കെയ്‌ൻ വില്യംസണിന്റെ സെഞ്ച്വറിയുടെ മികവിൽ 483 റൺസ് നേടി. ഓപ്പണിംഗ് സഖ്യത്തിൽ ഡെവൺ കോൺവോയും ടോം ലാത്തവും 149 റൺസ് നേടി നല്ല തുടക്കമാണ് സമ്മാനിച്ചത്. മദ്ധ്യനിരയിൽ വിക്കറ്റ് കീപ്പർ ടോം ബ്ലണ്ടൽ കരുതലോടെ കളിച്ച് നേടിയ 90 റൺസും കീവീസിനെ തുണച്ചു. ഡാരിൽ മിച്ചൽ അർദ്ധ സെഞ്ച്വറി നേടി.
രണ്ടാം ഇന്നിംഗ്സിൽ 258 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ആക്രമണാത്മക ബാറ്റിംഗാണ് കാഴ്ച്ച വെച്ചത്. ഓപ്പണർമാരായ സാക് ക്രൗളി 30 പന്തിൽ 24 ഉം ബെൻ ഡക്കറ്റ് 43 പന്തിൽ 33 ഉം റൺസെടുത്ത് പുറത്തായി. ഒലി റോബിൻസണും ഒലി പോപ്പും പെട്ടെന്ന് കൂടാരം കയറിയതോടെ ഇംഗ്ളണ്ട് 4 വിക്കറ്റിന് 80 റൺസ് എന്ന നിലയിലെത്തി.
ആദ്യ ഇന്നിംഗ്സിലെ താരം ഹാരി ബ്രൂക്ക് ഒരു പന്തു പോലും നേരിടാൻ കഴിയാതെ റൺ ഔട്ടായതോടെ അഞ്ചാം വിക്കറ്റും നഷ്ടമായി. ജോ റൂട്ടിന്റെ കോളിൽ ക്രീസ് വിട്ടിറങ്ങിയ ബ്രൂക്ക് സ്റ്റമ്പ് തകരുമ്പോൾ ക്രീസിനടുത്ത് പോലും എത്തിയിരുന്നില്ല. തുടർന്ന് ജോ റൂട്ടിനൊപ്പം ക്യാപ്ടൻ ബെൻ സ്റ്റോക്സ് രക്ഷാപ്രവർത്തനം ഏറ്റെടുത്തു. സ്കോർ 201 ൽ നിൽക്കെ സ്റ്റോക്സിനെ വാഗ്നർ പുറത്താക്കി. ഒരു റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ വാഗ്നർ ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു. 95 റൺസെടുത്ത ജോ റൂട്ടിന്റെ ഇന്നിംഗ്സ് ബ്രേയ്സ് വെല്ലിന്റെ കൈകളിൽ അവസാനിച്ചു. ഇംഗ്ലണ്ടിന് ജയിക്കാൻ വേണ്ടത് 55 റൺസ്.
11 റൺസ് എടുത്ത സ്റ്റുവർട്ട് ബ്രോഡ് സ്കോർ 215 ലെത്തി നിൽക്കേ ഹെൻറിയുടെ പന്തിൽ പുറത്തായി. ജാക്ക് ലീച്ചിനെ ഒരു വശത്ത് നിർത്തി ബെൻ ഫോക്സ് പൊരുതി സ്കോർ 251 ലെത്തിച്ചു. ടിം സൗത്തിയുടെ ബൗൺസർ ഹുക്ക് ചെയ്യാൻ ശ്രമിച്ച ഫോക്സ് വാഗ്നറുടെ കയ്യിൽ ഒതുങ്ങിയതോടെ ഇംഗ്ലണ്ട് 9 വിക്കറ്റിന് 251 റൺസ് എന്ന നിലയിലായി.വാഗ്നർ എറിഞ്ഞ അടുത്ത ഓവറിന്റെ നാലാം പന്തിൽ സിംഗിൾ നേടിയ ലീച്ച് സ്ട്രൈക്ക് ആൻഡേഴ്സണ് കൈമാറി. അവസാന പന്ത് മിഡ് വിക്കറ്റിലേക്ക് ഉയർത്തിയടിച്ച ആൻഡേഴ്സൺ ബൗണ്ടറി നേടിയതോടെ ഇംഗ്ലണ്ട് 9 വിക്കറ്റിന് 256 റൺസ് എന്ന നിലയിലെത്തി. ടൈ ആകാൻ വേണ്ടത് ഒരു റൺസ് ജയിക്കാൻ രണ്ട് റൺസ്.
ടിം സൗത്തിയായിരുന്നു അടുത്ത ഓവർ എറിഞ്ഞത്. വിക്കറ്റ് പോകാതെ നിലയുറപ്പിച്ച് ലീച്ച് ആറുപന്തുകൾ അതിജീവിച്ചു. അഞ്ചാം പന്ത് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ടെങ്കിലും ഹെൻറിയുടെ ഫീൽഡിംഗ് റണ്ണെടുക്കാൻ അവസരം നൽകിയില്ല. വാഗ്നറിന്റെ അടുത്ത ഓവറിലെ ആദ്യ പന്ത് ലെഗ് സൈഡിൽ കൂടി വൈഡെന്ന നിലയിൽ പോയതോടെ ആൻഡേഴ്സണ് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സ്കോർ അതേ നിലയിൽ.
രണ്ടാം പന്ത് ഷോർട്ട് പിച്ച് ലെംഗ്തിൽ ആൻഡേഴ്സണിന്റെ അരയ്ക്ക് നേരെ. ബാറ്റ് വെച്ച ആൻഡേഴ്സൺ തിരിഞ്ഞ് നോക്കിയപ്പോഴേക്കും പന്ത് ബ്ലണ്ടലിന്റെ കൈകളിൽ ഒതുങ്ങിയിരുന്നു. ന്യൂസ്‌ലൻഡിന് ഒരു റൺ ജയം. ചരിത്രമെഴുതി വെല്ലിംഗ്ടൺ ടെസ്റ്റ് .
WHAT A GAME OF CRICKET
New Zealand have won it by the barest of margins…
This is test cricket at its finest ❤️
#NZvENG pic.twitter.com/cFgtFBIkR4
— Cricket on TNT Sports (@cricketontnt) February 28, 2023
ഫോളോ ഓൺ വഴങ്ങിയതിനു ശേഷം വിജയം നേടുന്ന മൂന്നാമത്തെ ടീമായി ഇതോടെ ന്യൂസ്‌ലൻഡ്. ഇംഗ്ലണ്ട് രണ്ടു പ്രാവശ്യം ഓസ്ട്രേലിയക്കെതിരെ ഇത്തരത്തിൽ വിജയം നേടിയിട്ടുണ്ട്. ഐതിഹാസികമായ കൊൽക്കത്ത ടെസ്റ്റിൽ ഇന്ത്യയും ഓസ്ട്രേലിയക്കെതിരെ ഫോളോ ഓൺ വഴങ്ങിയതിനു ശേഷം വിജയം നേടിയിരുന്നു. ഈ പട്ടികയിലേക്കാണ് ന്യൂസ്‌ലൻഡും ഇടം പിടിച്ചത്.
Discussion about this post