ശ്രീനഗർ: ഭീകരാക്രമണത്തിനായി ഗൂഢാലോചന നടത്തിയ കേസിൽ ജമ്മു കശ്മീരിൽ വ്യാപക പരിശോധന നടത്തി എൻഐഎ. കശ്മീരിലെ അഞ്ചിടങ്ങളിലാണ് എൻഐഎ റെയ്ഡ് നടത്തിയത്. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് എൻഐഎ കശ്മീരിൽ പരിശോധന നടത്തുന്നത്.
രാവിലെയോടെയായിരുന്നു വിവിധ കേന്ദ്രങ്ങളിൽ എൻഐഎ പരിശോധന ആരംഭിച്ചത്. പരിശോധനയിൽ നിർണായക വിവരങ്ങൾ അന്വേഷണ ഏജൻസിയ്ക്ക് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ.
കശ്മീരിലെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയ കേസിൽ കഴിഞ്ഞ വർഷമാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ മെയിൽ അന്വേഷണത്തിന്റെ ഭാഗമായി കശ്മീരിലെ വിവിധ ഭാഗങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. 13 സ്ഥലത്തായിരുന്നു പരിശോധന നടത്തിയിരുന്നത്. ഇതിന് പിന്നാലെയാണ് വീണ്ടും പരിശോധന. കഴിഞ്ഞ ജൂണിലും പരിശോധന നടത്തിയിരുന്നു.
കശ്മീരിൽ വൻ ആക്രമണത്തിനായിരുന്നു ഭീകരർ പദ്ധതിയിട്ടിരുന്നത് എന്ന് നേരത്തെ എൻഐഎ വ്യക്തമാക്കിയിരുന്നു. യുവാക്കളെ ഉപയോഗിച്ചായിരുന്നു ഇതിന് ശ്രമിച്ചിരുന്നത്. കശ്മീരിന്റെ സമാധാന അന്തരീക്ഷം പാടെ തകർക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും എൻഐഎ അറിയിച്ചിരുന്നു.
Discussion about this post