വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ് രാജ്യത്ത്. തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉണ്ടാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ട്രംപിനെതിരെ റിപ്പബ്ലിക്കൻ പാർട്ടിക്ക് വേണ്ടി മത്സരത്തിനിറങ്ങുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിക്കി ഹേലി. ട്രംപിനെതിരെ തിരഞ്ഞെടുപ്പ് ഗോദ്ദയിലുണ്ടാകുമെന്ന് പ്രഖ്യാപിച്ചതോടെ ആരാണവർ എന്ന ചോദ്യമാണ് ഉയരുന്നത്.
രണ്ട് തവണ സൗത്ത് കരോലിന ഗവർണറായ ഇന്ത്യൻ വംശജയാണ് നിക്കി ഹേലി. 51 കാരിയായ നിക്കി റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നുള്ള ആദ്യത്തെ മത്സരാർത്ഥിയാണ്. രാജ്യത്തെ പുതിയ തലമുറ നയിക്കേണ്ട സമയമാണിതെന്ന് നിക്കി ഹേലി പറയുന്നു. സമീപ വർഷങ്ങളിൽ വഴിതെറ്റിപ്പോയ ഒരു പാർട്ടിയെയും രാജ്യത്തെയും പുനരുജ്ജീവിപ്പിക്കാൻ കഴിയുന്ന ഒരു മാറ്റക്കാരിയാകുമെന്നാണ് നിക്കി ഹേലി സ്വയം വിശേഷിപ്പിക്കുന്നത്.
2011 ജനുവരിയിൽ 39 ാം വയസിൽ അധികാരമേറ്റപ്പോൾ യു എസിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവർണറായിരുന്നു നിക്കി ഹേലി, സൗത്ത് കരോലിനയുടെ ആദ്യ വനിതാ ഗവർണറായുള്ള ചരിത്രവും നിക്കി സൃഷ്ടിച്ചിരുന്നു.
അതേസമയം പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ്, അടുത്ത വർഷം ജനുവരിയിൽ ആരംഭിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻഷ്യൽ പ്രൈമറിയിൽ തിരഞ്ഞെടുപ്പിൽ നിക്കി വിജയിക്കേണ്ടതുണ്ട്. 2024 നവംബർ 5 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. 51 കാരിയായ നിക്കി സൗത്ത് കരോലിനയുടെ രണ്ട് തവണ ഗവർണറും ഐക്യരാഷ്ട്രസഭയിലെ മുൻ യു എസ് അംബാസഡറുമായിരുന്നു.
Discussion about this post