മലപ്പുറം ജില്ലയില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം പോസിറ്റീവ്. കഴിഞ്ഞ ദിവസം മരിച്ച 24കാരന് രോഗബാധ സ്ഥിരീകരിച്ചു. യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയ 151 പേരുടെ പട്ടിക പുറത്തിറക്കി. വിഡിയോ റിപ്പോര്‍ട്ട് കാണാം.
നിപ സ്ഥിരീകരിച്ചതോടെ തിരുവാലി പഞ്ചായത്തിലടക്കം അതിജാഗ്രത. 3 പേര്‍ക്ക് നിപ ലക്ഷണം, 2 പേരെ മഞ്ചേരി മെഡി. കോളജില്‍ പരിശോധനയ്ക്കയച്ചു. പഞ്ചായത്തില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയെന്ന് പ്രസിഡന്റ് കെ.രാമന്‍ കുട്ടി അറിയിച്ചു.
ഹെനിപാ വൈറസ് ജനുസിലെ നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയില്‍ പെടുന്ന വൈറസാണ്. പൊതുവേ മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ വൈറസ്. എന്നാല്‍ വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്കും പടരും. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും രോഗം പകരാനുള്ള സാധ്യതയേറെയാണ്. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും കഴിക്കുന്നതിലൂടെയും രോഗം പകരാം.
നിപ വൈറസ് ശരീരത്തില്‍ കടന്നാല്‍ പെട്ടെന്നൊന്നും ലക്ഷണങ്ങള്‍ കാണില്ല. അഞ്ച് ദിവസം മുതല്‍ രണ്ടാഴ്ച വരെ സമയമെടുത്തേ ശരീരം രോഗലക്ഷണങ്ങള്‍ കാണിക്കൂ. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവും ഉണ്ടാകും. ചിലര്‍ ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാറുണ്ട്.
ശരീരത്തിലെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുന്ന വൈറസാണിത്. അതിനാല്‍ തന്നെ രോഗലക്ഷണങ്ങള്‍ ആരംഭിച്ച് രണ്ടു ദിവസത്തിനകം തന്നെ രോഗി കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. അസുഖം വന്നതിനു ശേഷമുള്ള ചികിത്സ കാര്യമായ ഫലം ചെയ്യില്ല, പ്രതിരോധമാണ് പ്രധാനം.
Discussion about this post