പാരീസ് ഒളിമ്പിക്സില്‍ തങ്ങളുടെ എതിരാളികളായ ദക്ഷിണ കൊറിയന്‍ മത്സരാര്‍ഥികളായ ലിം ജോങ്-ഹൂണ്‍, ഷിന്‍ യു-ബിന്‍ എന്നിവര്‍ക്കൊപ്പം ഉത്തരകൊറിയന്‍ താരങ്ങള്‍ എടുത്ത സെല്‍ഫി വിവാദത്തില്‍. വെള്ളിമെഡല്‍ ജേതാക്കളായ റി ജോങ് സിക്കും കിം കം യോങ്ങും പോഡിയത്തില്‍ നിന്ന് ‘ചിരിച്ചതിന് ‘ നടപടികള്‍ നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇരുവിഭാഗത്തില്‍ പെട്ട താരങ്ങളും ഉള്‍പ്പെട്ട ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ അതിവേഗം വൈറലാകുകയും ലോകമെമ്പാടുമുള്ള കാണികളുടെ ശ്രദ്ധ നേടുകയും ചെയ്തു. വിദേശ സംസ്‌കാരങ്ങളുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നുള്ള കളങ്കം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുള്ള ഉത്തര കൊറിയയിലെ ഒരു പതിവ് നടപടിക്രമമാണ് ഇവര്‍ക്കെതിരെയുള്ള നടപടിയെന്നാണ് സൂചന.
വിദേശ എതിരാളികള്‍ക്കൊപ്പം പ്രത്യേകിച്ച് ദക്ഷിണ കൊറിയയില്‍ നിന്നുള്ളവര്‍ക്കൊപ്പം പുഞ്ചിരിച്ചതിന് കായികതാരങ്ങളെ ശാസിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഉത്തര കൊറിയന്‍ അധികാരികള്‍ ഒളിമ്പിക്സിന് മുമ്പ് അവരുടെ കായികതാരങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
ഇതില്‍ ദക്ഷിണ കൊറിയന്‍ താരങ്ങളുമായുള്ള ഇടപെടലുകളും വിലക്കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും സൂചന നല്‍കിയിരുന്നു.
Discussion about this post