ന്യൂഡൽഹി; ഭൂചലനം തകർത്ത തുർക്കിയിലും സിറിയയിലും അവശ്യസാധനങ്ങളുമായി ഇന്ത്യയുടെ ഏഴാമത്തെ വിമാനം. അവശ്യ വസ്തുക്കളും മെഡിക്കൽ ഉപകരണങ്ങളും അടക്കമുളള സാധനങ്ങളാണ് ഇരുരാജ്യങ്ങളിലും എത്തിച്ചത്. 23 ടൺ സാധനങ്ങളാണ് സിറിയയ്ക്ക് കൈമാറിയത്.
ദമാസ്‌കസ് വിമാനത്താവളത്തിൽ സിറിയൻ മന്ത്രി മൗതാസ് ദൗവാജി ഇന്ത്യ നൽകിയ സാധനങ്ങൾ ഏറ്റുവാങ്ങി. പവർ ജനറേറ്ററുകളും സോളാർ ലാമ്പുകളും അടിയന്തര മെഡിക്കൽ ഉപകരണങ്ങളും ദുരിതാശ്വാസ സാധനങ്ങളും അടക്കമാണ് സിറിയയ്ക്ക് കൈമാറിയത്. വ്യോമസേനയുടെ സി 17 വിമാനത്തിലാണ് സാധനങ്ങൾ എത്തിച്ചത്. ഭൂചലന ബാധിതമേഖലകളിൽ വൈദ്യുതി ഉൾപ്പെടെ തടസപ്പെട്ടതിനാൽ സോളാർ ലാമ്പുകളും പവർ ജനറേറ്ററുകളുമൊക്കെ ദുരന്തബാധിത മേഖലകളിൽ ഏറെ പ്രയോജനം ചെയ്യും.
തുർക്കിയിലേക്കുളള സഹായങ്ങൾ അഡാന വിമാനത്താവളത്തിലാണ് എത്തിച്ചത്. കൂടുതൽ ദുരന്തബാധിതർ തുർക്കിയിലായതിനാൽ മെഡിക്കൽ ഉപകരണങ്ങളാണ് ഇക്കുറി കൂടുതലായി ഇവിടേക്ക് നൽകിയിരിക്കുന്നത്. പേഷ്യന്റ് മോണിട്ടർ, ഇസിജി മെഷീനുകൾ, സിറിഞ്ച് പമ്പ് തുടങ്ങിയവയും മറ്റ് ദുരിതാശ്വാസ സാധനങ്ങളും ഇതിൽ ഉൾപ്പെടും.
ദുരന്തമുണ്ടായതിന് പിന്നാലെ തന്നെ ഇന്ത്യ മെഡിക്കൽ സംഘത്തെയും രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘത്തെയും തുർക്കിയിലേക്ക് അയച്ചിരുന്നു. സൈന്യത്തിന്റെ ഫീൽഡ് ആശുപത്രി ഉൾപ്പെടെയുളള സംവിധാനങ്ങളാണ് ഹതായിലെ ഇസ്‌കെൻഡെറൂണിൽ ഒരുക്കിയിരിക്കുന്നത്. ഭൂചലനം ഏറ്റവും കൂടുതൽ നാശം വിതച്ച ഗാസിയാൻടെപ്പിൽ ഉൾപ്പെടെ എൻഡിആർഎഫ് സംഘവും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്.
Discussion about this post