ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രതിസന്ധികൾ ഉച്ഛസ്ഥായിൽ. സൈന്യത്തിൽ ഇന്ധനക്ഷാമം രൂക്ഷമായതോടെ സൈനികാഭ്യാസങ്ങൾ ഡിസംബർ മാസം വരെ നിർത്തിവച്ചു. ഇന്ധനം തീർന്നത് ചൂണ്ടിക്കാട്ടി ഡിസംബർ വരെ എല്ലാ യുദ്ധാഭ്യാസങ്ങളും ഷെഡ്യൂൾ ചെയ്ത സൈനിക പരിശീലനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ പാകിസ്ഥാൻ ആർമിയുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ട്രെയിനിംഗ് എല്ലാ ഫീൽഡ് രൂപീകരണങ്ങൾക്കും ആസ്ഥാനങ്ങൾക്കും കത്തയച്ചുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കുന്നത്.പാകിസ്താന്റെ ടി-80 ടാങ്കിന് കിലോമീറ്ററിന് രണ്ട് ലിറ്റർ വരെയാണ് ഇന്ധനം വേണ്ടിവരുന്നത്. യുദ്ധകാലത്തേക്ക് കരുതൽ ഇന്ധനം വേണ്ടതിനാൽ ഇന്ധനം കൂടുതൽ വേണ്ടിവരുന്ന സൈനിക അഭ്യാസങ്ങൾ നിർത്തിവയ്ക്കാനാണ് നിർദ്ദേശം.
എഫ്എടിഎഫ് ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുകടന്ന് അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് വായ്പ ലഭിച്ചിട്ടും പാകിസ്ഥാൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്നുണ്ടായ രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്. സൈനിക മേധാവികൾക്കെതിരായ അക്രമാസക്തമായ പ്രതിഷേധം, സൈനിക സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളും, പതാക ഹൗസ് കത്തിച്ചതും പ്രളയവും പേമാരിയും സ്ഥിതി കൂടുതൽ വഷളാക്കി.പണപ്പെരുപ്പം വർദ്ധിച്ചതും കലാപങ്ങളും ആളുകളെ കൂടുതൽ ദുരിതത്തിലാക്കി.
2021ൽ പാകിസ്താൻ ഇന്ത്യയുമായി വെടിനിർത്തൽ കരാറിൽ ഏർപ്പെടുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക പ്രതിസന്ധിയാണെന്ന് ഇന്ത്യൻ ആർമിയിലെ കേണൽ ദൻവീർ സിംഗ് അഭിപ്രായപ്പെട്ടു.
Discussion about this post