ഇസ്ലാമാബാദ് : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താനിൽ ഭക്ഷണവും മരുന്നും കിട്ടാതെ പട്ടാളവും വലയുന്നതായി റിപ്പോർട്ടുകൾ. പട്ടാള ക്യാമ്പുകളിലെ മെസ്സുകളിൽ ഭക്ഷണത്തിന് കുറവ് അനുഭവപ്പെട്ടതിനെ കുറിച്ച് ക്യാമ്പ് ഓഫീസർമാർ മേലധികാരികളോട് പലതവണ പരാതിപ്പെട്ടെങ്കിലും ഇത് പരിഹരിക്കപ്പെടുന്നില്ല. പ്രശ്നം പാക് ആർമി ചീഫ് ജനറൽ അസിം മുനീറിന്റെ മുന്നിലാണിപ്പോൾ.
രണ്ടു നേരം സുഭിക്ഷമായി ഭക്ഷണം നൽകാൻ പട്ടാളം കഷ്ടപ്പെടുകയാണ്. നാണയപ്പെരുപ്പവും പ്രത്യേക അലവൻസ് ലഭ്യമാകാത്തതുമാണ് പാകിസ്താനെ ബുദ്ധിമുട്ടിലാക്കുന്നത്. പട്ടാളക്കാർക്ക് ഭക്ഷണം ലഭ്യമാകാത്തത് അവരുടെ മനോവീര്യം തകർക്കുമെന്നും നിലവിൽ സംഘർഷമേഖലയിൽ ഇത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും സൈനിക ഓഫീസർമാർ ചൂണ്ടിക്കാട്ടുന്നു.
ആവശ്യത്തിന് ആയുധങ്ങളോ മരുന്നുകളോ പോലും ലഭിക്കുന്നില്ല എന്ന് സൂചനയുണ്ട്. നിലവിൽ തെഹരീക് ഇ താലിബാനുമായി യുദ്ധത്തിലുള്ള പാക് സൈന്യത്തിന് ഇത്തരം കുറവുകൾ വലിയ പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇന്ത്യൻ അതിർത്തിയിൽ ഭീകരരെ സഹായിക്കുന്നതിനും പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്ന് ഉന്നത ഓഫീസർമാർ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്നതിനാൽ ഇതിനൊന്നും വ്യക്തമായ മറുപടികളോ പരിഹാരമോ ലഭിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്.
ഇന്റലിജന്റ്സ് ബ്യൂറോയ്ക്കും ഐ.എസ്.ഐക്കുമുള്ള ഫണ്ടുകളും വെട്ടിക്കുറച്ചിട്ടുണ്ട്. ഇത് പാകിസ്താന്റെ പ്രതിരോധ മേഖലയെ ദോഷകരമായി ബാധിക്കുമെന്നാണ് ഉന്നത വൃത്തങ്ങൾ പറയുന്നത്. അതേസമയം ഭക്ഷ്യധാന്യങ്ങളുടെ വിലകളും ദിനം പ്രതി കൂടുകയാണ്. ഇന്ധന വിലയും റോക്കറ്റ് പോലെ കുതിക്കുകയാണ്. നിലവിൽ ആകെ തകർന്ന അവസ്ഥയിൽ ലോക രാജ്യങ്ങൾക്ക് മുന്നിലും അന്താരാഷ്ട്ര ഏജൻസികൾക്ക് മുന്നിലും കൈ നീട്ടേണ്ട അവസ്ഥയിലാണ് പാകിസ്താൻ.
Discussion about this post