ടെൽ അവീവ് : വിമാനത്താവളത്തിൽ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച് മാതാപിതാക്കൾ. ഇസ്രായേലിലെ ടെൽ അവീവിലെ ബെൻ ഗുറിയോൺ എയർപോർട്ടിലാണ് സംഭവം. കുഞ്ഞിനെ മടിയിൽ വെയ്ക്കണമെങ്കിൽ കൂടുതൽ തുക അടയ്ക്കണമെന്ന് അധികൃതർ അറിയിച്ചിരുന്നു. ഇതോടെ ഇവർ കുഞ്ഞിനെ ഉപേക്ഷിച്ച് പോകാൻ ശ്രമിക്കുകയായിരുന്നു.
ബെൽജിയത്തിലെ ബ്രസൽസിലേക്ക് പോകുകയായിരുന്നു ദമ്പതികൾ. യാത്ര ചെയ്യാൻ കുട്ടിക്ക് പ്രത്യേക ടിക്കറ്റ് എടുത്തിരുന്നില്ല. വിമാനത്താവളത്തിൽ ഇവർ എത്താനും വൈകിയിരുന്നു.
കുട്ടിയെ കൈയ്യിൽ എടുക്കണമെങ്കിൽ 27 ഡോളർ കൂടുതൽ അടയ്ക്കണമെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വിമാനത്താവളത്തിൽ വെച്ച് ദമ്പതികൾ തമ്മിൽ വഴക്കുണ്ടായി. തുടർന്ന് ഇരുവരും കുട്ടിയെ എയർപോർട്ടിലെ ബേബി സ്ട്രോളറിൽ കയറ്റി പാസ്പോർട്ട് പരിശോധന നടത്തി. പിന്നീട് കുട്ടിയെ ഉപേക്ഷിച്ച് ദമ്പതികൾ വിമാനത്തിൽ കയറുകയായിരുന്നു.
എന്നാൽ സംഭവം ശ്രദ്ധയിൽപ്പെട്ട ഏജന്റ് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു. അപ്പോഴേക്കും ദമ്പതികൾ കുഞ്ഞിനെ അന്വേഷിച്ച് തിരിച്ചെത്തിയെന്നാണ് വിവരം. വിഷയത്തിൽ പോലീസ് നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന്് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Discussion about this post