നെടുങ്കണ്ടം: ഡോ. വന്ദനയുടെ മരണത്തിന്റെ മുറിവുണങ്ങും മുൻപേ ആരോഗ്യപ്രവർത്തകരുൾപ്പടെയുള്ളവർക്ക് നേരെ ആക്രമണം. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ പരിക്കേറ്റനിലയിൽ എത്തിച്ച തിരുവനന്തപുരം സ്വദേശി പ്രവീണാണ് അക്രമാസക്തനായത്. പോലീസ് മതിയായ സുരക്ഷ നൽകിയില്ലെന്നും പേടിച്ചാണ് ചികിത്സ നൽകിയതെന്നും ഡോക്ടർമാർ ആരോപിച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെ താലൂക്ക് ആശുപത്രിയിൽ രക്തം വാർന്ന നിലയിലാണ് പ്രവീണിനെ ചികിത്സയ്ക്കായി എത്തിച്ചത്. ഈ സമയത്താണ് പ്രവീൺ അക്രമാസക്തനായത്. മദ്യലഹരിയിലായിരുന്ന ഇയാൾ വലിയരീതിയിൽ അക്രമാസക്തനായപ്പോൾ ഡ്യൂട്ടി ഡോക്ടറായ വിഷ്ണുരാജും നഴ്‌സുമാരും ആക്രമണം ഭയന്ന് മാറിനിന്നു.
ഇതിനിടയിൽ പ്രവീൺ ആശുപത്രിയിലെ ഉപകരണങ്ങൾ വലിച്ചെറിഞ്ഞു. ആക്രമണം ഭയന്ന് ആരോഗ്യപ്രവർത്തകർ മാറിനിന്നു. പിന്നാലെ ആശുപത്രിയിൽ നിന്ന് ഓടിയ പ്രതിയെ മൽപ്പിടുത്തത്തിലൂടെ തിരികെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പോലീസ് സുരക്ഷ ഒരുക്കാതെ, ചികിത്സിക്കാനാവില്ലെന്ന് നിലപാട് എടുത്തതോടെ ഇയാളുടെ കൈകാലുകൾ ബന്ധിച്ചാണ് ചികിത്സ നൽകിയത്.












