തിരുവനന്തപുരം; ശൈശവ വിവാഹം തടയാൻ അസം സർക്കാർ കൈക്കൊണ്ട ശക്തമായ നടപടികൾ വികലമായ നിയമപ്രയോഗമാണെന്ന് വിമർശിച്ച് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ ശ്രീമതി. പുരുഷന്മാരെ വ്യാപകമായി അറസ്റ്റ് ചെയ്ത് കുടുംബങ്ങളെ വഴിയാധാരമാക്കുകയാണെന്ന് പി.കെ ശ്രീമതി പറയുന്നു. നടപടി നിർത്തിവെയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ശൈശവ വിവാഹത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ ശക്തമായ പ്രചാരണം നടത്തിവരികയാണെന്നും പി.കെ ശ്രീമതി ചൂണ്ടിക്കാട്ടി. ഇത്രയുംകാലം ബോധവൽക്കരണംപോലും നടത്താൻ സർക്കാർ തയ്യാറായിട്ടില്ല. ശൈശവ വിവാഹ നിരോധന നിയമത്തിന്റെ മറവിൽ ചില ജില്ലകളിലാണ് നടപടികളെന്നാണ് പി.കെ ശ്രീമതിയുടെ ആക്ഷേപം.
ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം അസമിലെ 32 ശതമാനം സ്ത്രീകളും 18 വയസ്സിനുമുമ്പ് വിവാഹിതരാകുന്നുവെന്നാണ് കണക്ക്. പ്രശ്നത്തെ സാമൂഹികമായി കണ്ട് ദാരിദ്ര്യവും നിരക്ഷരതയും തുടച്ചുനീക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും പി.കെ ശ്രീമതി പറയുന്നു. ശൈശവ വിവാഹത്തിന്റെ ഇരകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം നിയമലംഘകർക്കെതിരെ അസം സർക്കാർ രംഗത്തിറങ്ങിയത്.
18 വയസിൽ താഴെയുളള പെൺകുട്ടികളെ വിവാഹം കഴിച്ചവർക്കെതിരെയാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനകളിൽ 2789 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷത്തെ കണക്കിൽ അസമിൽ ഗർഭിണികളായ 6.2 ലക്ഷം സ്ത്രീകളിൽ 17 ശതമാനവും കൗമാരക്കാരികളായിരുന്നു. ഇത്തരത്തിൽ ചെറുപ്രായത്തിൽ തന്നെ ഗർഭം ധരിക്കുന്നതിലൂടെ പെൺകുട്ടികളുടെ ആരോഗ്യത്തിനും ഗർഭസ്ഥ ശിശുക്കളുടെ ആരോഗ്യത്തിനും ഗുരുതരമായ ഭീഷണിയാണ് ഉണ്ടാകുന്നത്. ഇത്തരം കാര്യങ്ങൾ കണക്കിലെടുത്താണ് ശൈശവ വിവാഹത്തിനെതിരെ സംസ്ഥാന തലത്തിൽ നടപടിക്ക് അസം സർക്കാർ തയ്യാറായത്.
ശൈശവ വിവാഹത്തിന് ഇരകളായ പെൺകുട്ടികളെ പുനരധിവസിപ്പിക്കുന്നത് ഉൾപ്പെടെയുളള പദ്ധതികളാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്.
Discussion about this post