ഏതൻസ്; ഗ്രീസ് സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പരമോന്നത ബഹുമതി നൽകി ആദരിച്ച് രാജ്യം. ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണർ ബഹുമതി ഗ്രീക്ക് പ്രസിഡന്റ് കാറ്ററിന സാകെല്ലർപോലു നരേന്ദ്രമോദിയ്ക്ക് സമ്മാനിച്ചു. ഗ്രീസിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണിത്.
ബഹുമതി സ്വീകരിച്ച ശേഷം ഗീക്ക് പ്രസിഡന്റിന് പ്രധാനമന്ത്രി നന്ദി പറഞ്ഞു. ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരവാണ് ഈ ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. 1975-ലാണ് ഓർഡർ ഓഫ് ഓണർ നൽകാൻ ആരംഭിച്ചത് ഗ്രീക്ക് ദേവതയായ അഥീന ദേവിയുടെ തല നക്ഷത്രത്തിൽ ആലേഖനം ചെയ്തിരിക്കുന്നു. “നീതിമാൻമാർക്ക് മാത്രമേ ബഹുമാനം നൽകപ്പെടൂ” എന്ന ലിഖിതവും ബഹുമതിയിലുണ്ട്.
ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീസിലെത്തിയത്. 40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഏതൻസിന്റെ മണ്ണിലെത്തുന്നത്. ഗ്രീസും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കം കുറിക്കുന്നതാണ് തന്റെ സന്ദർശനമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി നേരെ ഗ്രീസിലെക്ക് തിരിക്കുകയായിരുന്നു.
ഈ കഴിഞ്ഞ ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ദി ലീജിയൺ നൽകി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആദരിച്ചിരുന്നു. മെയിൽ ഫിജി പരമോന്നത സിവിലിയൻ ബഹുമതിയും പ്രധാനമന്ത്രിയ്ക്ക് നൽകിയിരുന്നു. ജൂണിൽ ഈജിപ്തിന്റെ പരമോന്നത ബഹുമതിയും നരേന്ദ്രമോദിയ്ക്ക് ലഭിച്ചിരുന്നു.
Discussion about this post