ജയ്പൂർ ; ഡൽഹി- മുംബൈ എക്‌സ്പ്രസ് വേ നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ദൗസയിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയുൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തു.
ഡൽഹി- മുംബൈ എക്‌സ്പ്രസ് വേയുടെ 246 കിലോ മീറ്റർ വരുന്ന ആദ്യഘട്ട പാതയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. ഡൽഹി- ദൗസ- ലാൽസോട്ട് എന്നീ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് ഒന്നാം ഘട്ടം. പാത പൂർത്തിയായതോടെ ഡൽഹിയിൽ നിന്നും രാജസ്ഥാനിലേക്കുള്ള യാത്ര സമയത്തിൽ ഗണ്യമായ കുറവുണ്ടാകും. നിലവിൽ ഡൽഹിയിൽ നിന്നും ജയ്പൂരിലേക്ക് അഞ്ച് മണിക്കൂർ നേരമാണ് യാത്രയ്ക്കായി എടുക്കുക. എക്‌സ്പ്രസ്‌വേ യാഥാർത്ഥ്യമായതോടെ 3.5 മണിക്കൂറായി യാത്രാ സമയം കുറയും.
കഴിഞ്ഞ ഒൻപത് വർഷമായി അടിസ്ഥാന സൗകര്യ വികസനത്തിനായി വലിയ തുകയാണ് ചിലവഴിച്ചുവരുന്നതെന്ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു. രാജസ്ഥാന്റെയും, രാജ്യത്തിന്റെയും വികസനത്തിൽ ഡൽഹി- മുംബൈ എക്‌സ്പ്രസ് വേ വലിയ നാഴിക കല്ലാകും. 1,386 കിലോ മീറ്റർ നീളമുള്ള ആദ്യ ഘട്ടത്തിന്റെ നിർമ്മാണത്തിനായി 12,150 കോടി രൂപയാണ് ചിലവായിട്ടുള്ളത്. രാജ്യത്തെ ഏറ്റവും വലിയ എക്‌സ്പ്രസ് വേയാകും ഇതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കേന്ദ്ര സഹമന്ത്രി വി.കെ സിംഗ്, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.












