കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെ ഒരു ലക്ഷം യുവാക്കളോട് സംവദിക്കുന്ന യുവം 2023 ന്റെ ആവേശം ഇരട്ടിയാക്കാൻ റോഡ് ഷോയും. പരിപാടിക്ക് വേദിയാകുന്ന തേവര കോളജ് ഗ്രൗണ്ടിലേക്കുളള പാതയിലാണ് റോഡ് ഷോ നടക്കുക. ഈ മാസം 25 നാണ് യുവം 2023 (Yuvam 2023) നടക്കുന്നത്.
പരിപാടിയുടെ ഒരുക്കങ്ങൾ ഇന്നലെ ബിജെപി കോർ കമ്മിറ്റിയോഗം വിലയിരുത്തി. പരിപാടിയിലേക്കുളള രജിസ്‌ട്രേഷൻ തുടരുകയാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്യാനുളള സൗകര്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 17 നും 35 നും ഇടയിൽ പ്രായമുള്ള വ്യത്യസ്ത മേഖലകളിൽ നിന്നുമുള്ള യുവതി യുവാക്കൾക്കാണ് പരിപാടിയിൽ പങ്കെടുക്കാനാകുക.
‘വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിംഗ് കേരള’ യാണ് പരിപാടിയുടെ സംഘാടകർ. ഭാരതത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളിൽ സർഗാത്മക മനസുകളുടെ പങ്കാളിത്തത്തോടെ സുസ്ഥിര വികസന പ്രക്രിയ ത്വരിതപ്പെടുത്താൻ ലക്ഷ്യമിട്ടുളള വോളന്ററി സംഘടനയാണ് വൈബ്രന്റ് യൂത്ത് ഫോർ മോഡിഫൈയിംഗ് കേരള.
ഓൺലൈൻ രജിസ്‌ട്രേഷനായി പേരും കോൺടാക്ട്് നമ്പരും ഇ മെയിൽ വിലാസവും പ്രൊഫഷനും യോഗ്യതയും ഉൾപ്പെടെയുളള വിശദാംശങ്ങളാണ് നൽകേണ്ടത്. ഇതിനോടകം തന്നെ ആയിരങ്ങൾ പരിപാടിക്കായി രജിസ്റ്റർ ചെയ്തുകഴിഞ്ഞു. വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന പ്രമുഖരുടെ സാന്നിദ്ധ്യവും പരിപാടിയിൽ ഉണ്ടാകും.
പരിപാടിയിൽ പങ്കെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യാം
Discussion about this post