കൊച്ചി: പൊന്നിയിൻ സെൽവൻ 2 കേരളത്തിൽ 350 ൽ പരം തിയേറ്ററുകളിൽ റിലീസിനെത്തിക്കും. ഈ മാസം 28-ന് വേൾഡ് വൈഡായിട്ടാണ് റിലീസ്. ശ്രീ ഗോകുലം മൂവിസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി 20 ന് താരങ്ങളും അണിയറ പ്രവർത്തകരും കൊച്ചിയിലെത്തും. വൈകിട്ട് ആറ് മണിക്ക് ദർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിലും താരങ്ങൾ പങ്കെടുക്കും.
മലയാളം, തമിഴ് ഭാഷകളിലാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുക. മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ സിനിമയുടെ രണ്ടാം ഭാഗമാണ് പൊന്നിയിൻ സെൽവൻ 2. പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്.
സിനിമയുടെ റിലീസ് കേരളത്തിലും ആഘോഷമാക്കാനാണ് നീക്കം. തമിഴ്‌നാട്ടിലേതു പോലെ കേരളത്തിലും 28- ന് പുലർച്ചെ 4 മണിക്ക് ആദ്യ പ്രദർശനം നടത്താനുള്ള അനുവാദം തേടിയതായിട്ടാണ് വിവരം.
സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെൽവൻ’ ആധാരമാക്കിയാണ് മണിരത്‌നം അതേ പേരിൽ തന്നെ ദൃശ്യ സാക്ഷത്ക്കാരം നൽകിയിരിക്കുന്നത്. ഏ.ആർ.റഹ്മാന്റെ മാന്ത്രിക സംഗീതവും, തോട്ടാധരണിയുടെ അത്ഭുത പ്പെടുത്തുന്ന കൂറ്റൻ സെറ്റുകളുടെ പാശ്ചാത്തലവും, രവിവർമ്മന്റെ ക്യാമറ ഒപ്പിയെടുത്ത നയന മനോഹരമായ ദൃശ്യങ്ങളും, കാണികൾക്ക് പുതിയ അനുഭവവും അത്ഭുതവുമായിരിക്കും.
ഒന്നാം ഭാഗത്തിൽ കഥാപാത്രങ്ങളെ മാത്രം പരിചയപ്പെടുത്തി ‘ പൊന്നിയിൻ സെൽവനായ അരുൺമൊഴി വർമ്മന് എന്തു സംഭവിച്ചു ? ‘ എന്ന ജിജ്ഞാസ നില നിർത്തി കാണികളെ ആകാംഷയുടെ മുനമ്പിൽ നിർത്തിയിരിക്കുന്ന മണിരത്‌നം രണ്ടാം ഭാഗത്തിൽ ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകി കഥ പൂർണതയിലെത്തിക്കുന്നു. പൊന്നിയിൻ സെൽവൻ -1 ബോക്‌സോഫീസിൽ വൻ ചരിത്രമാണ് സൃഷ്ടിച്ചത്.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷകൃഷ്ണ, റഹ്മാൻ, ജയറാം, ബാബു ആന്റണി, റിയാസ് ഖാൻ , ലാൽ, പ്രഭു, ശരത് കുമാർ, വിക്രം പ്രഭു, പാർത്ഥിപൻ, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ലൈക്കാ പ്രൊഡക്ഷൻസും മെഡ്രാസ് ടാക്കീസും സംയുക്തമായി നിർമ്മിച്ച ചിത്രം തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിൽ ലോകമെമ്പാടും റിലീസ് ചെയ്യും. സി.കെ. അജയ് കുമാറാണ് പിആർഒ.
Discussion about this post