തിരുവനന്തപുരം: മാധ്യമചര്‍ച്ചയില്‍ പങ്കെടുത്ത് വനിത അവതാരകയോട് വളരെ മോശമായി സംസാരിച്ച നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ രംഗത്തുവന്ന് ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍. ചര്‍ച്ചയില്‍ പങ്കെടുത്ത് ധര്‍മ്മജന് സ്ത്രീയോടാണ് സംസാരിക്കുന്നതെന്ന ബോദ്ധ്യമുണ്ടാകണമെന്ന് പ്രേം കുമാര്‍ പറഞ്ഞു.
അദ്ദേഹം സംസാരിച്ച ഭാഷയും രീതിയും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്റെ സുഹൃത്താണ് ധര്‍മ്മജന്‍. അതുകൊണ്ട് തന്നെ ഇക്കാര്യം പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. ഒരു കലാകാരന്‍ സമൂഹത്തിന് ഏറ്റവും വലിയ മാതൃകയാകേണ്ടവനാണ്.
സമൂഹത്തെ സ്വാധീനിക്കാനും മുന്നോട്ടു നയിക്കാനും ശരിയിലേക്ക് നയിക്കാനുമുള്ള വലിയ ദൗത്യമുള്ളവരാണ്. അല്ലാതെ വിനോദിപ്പിക്കല്‍ മാത്രമല്ലല്ലോ നമ്മുടെ കടമ. അങ്ങനെയുള്ളവര്‍ സമൂഹത്തിന്റെ ഏറ്റവും വലിയ മാതൃകയാകണം. സംസാരത്തിലും പ്രവൃത്തിയിലും ആ മാതൃക അവര്‍ കൊണ്ടുവരണം’- പ്രേം കുമാര്‍ പറഞ്ഞു.
ഇതിനിടെ ധര്‍മ്മജനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകയെ വ്യക്തിപരമായി അവഹേളിച്ച ധര്‍മ്മജന്റെ നിലപാട് തെറ്റാണെന്ന് വിഡി സതീശന്‍ പറഞ്ഞു. തെറ്റ് ചെയ്താല്‍ സിപിഎമ്മിനെ പോലെ ന്യായീകരിക്കില്ല. തെറ്റ് ചെയ്യുന്നവരെ ന്യായീകരിക്കില്ലെന്നത് ഞങ്ങളുടെ നിലപാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post