ചെന്നൈ: മഹാ ശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു തമിഴ്‌നാട്ടിൽ. മധുര വിമാനത്താവളത്തിൽ എത്തിയ മുർമുവിനെ ഗവർണർ ആർ.എൻ രവിയും, മന്ത്രി മനോജ് തങ്കരാജും ചേർന്ന് സ്വാഗതം ചെയ്തു. ദ്വിദിന സന്ദർശനത്തിന്റെ കൂടി ഭാഗമായാണ് രാഷ്ട്രപതി സംസ്ഥാനത്ത് എത്തിയത്.
ഉച്ചയോടെയായിരുന്നു മുർമു വിമാനം ഇറങ്ങിയത്. വൈകീട്ടോടെ മുർമു മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തും. മുർമുവിന്റെ സന്ദർശനത്തോട് അനുബന്ധിച്ച് കർശന നിയന്ത്രണങ്ങളും സുരക്ഷയുമാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്. സുരക്ഷാ സ്ഥിതിഗതികൾ ജില്ലാ കളക്ടർ നേരിട്ട് എത്തി വിലയിരുത്തിയിരുന്നു.
ക്ഷേത്ര ദർശനം പൂർത്തിയാക്കിയ ശേഷം ഇവിടെ നിന്നും മുർമു കോയമ്പത്തൂരിലേക്ക് പോകും. ഇവിടെ ശിവരാത്രിയോട് അനുബന്ധിച്ച് ഇഷ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടികളിൽ മുർമു പങ്കെടുക്കും. രാത്രി ഇവിടെ തങ്ങിയ ശേഷം ഞായറാഴ്ച പുലർച്ചെയോടെ വെല്ലിംഗ്ടണിലെത്തും.
ഇവിടുത്തെ ഡിഫൻസ് സർവ്വീസസ് സ്റ്റാഫ് കോളേജ് സന്ദർശിക്കുന്ന മുർമു ഇവിടെ സംഘടിപ്പിക്കുന്ന ചടങ്ങിലും പങ്കെടുക്കും. ഇതിന് ശേഷം സ്വാമി ദർശൻ ക്ഷേത്രത്തിലേക്ക് തിരിക്കും. ഇവിടെ അന്നദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. സന്ദർശനം പൂർത്തിയാക്കിയ ശേഷം മുർമു 20 ന് ഡൽഹിയിലേക്ക് തിരിക്കും.










