ന്യൂഡൽഹി : രാജ്യം എഴുപത്തിനാലാം റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കർത്തവ്യ പഥിനെ ആവേശം കൊള്ളിക്കുന്ന രീതിയിലാണ് പരേഡ് തയ്യാറാക്കിയിരിക്കുന്നത്. വിജയ് ചൗക്കിൽ നിന്ന് രാവിലെ 10:30 ന് ആരംഭിക്കുന്ന പരേഡ് ചെങ്കോട്ട വരെ നീളും. രണ്ടാം ലോക മഹായുദ്ധകാലത്തെ തോക്കുകൾ ഉപയോഗിച്ചു കൊണ്ടുള്ള ഗൺ സല്യൂട്ടിനു പകരം ആ സ്ഥാനത്ത് ഇന്ത്യയുടെ 105 എം.എം ഫീൽഡ് ഗണ്ണുകൾ ഗൺ സല്യൂട്ട് ചെയ്യും.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്ത എൽ സിസിയാണ് ഈ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യ അതിഥി. ഈജിപ്ഷ്യൻ പട്ടാളം പരേഡിൽ അണി നിരക്കുന്നുവെന്നതും മറ്റൊരു പ്രത്യേകതയാണ്. 120 അംഗ സൈനികർ അടങ്ങിയ ഈജിപ്ഷ്യൻ സംഘം ഇന്ത്യയിലെത്തി റിഹേഴ്സലിൽ പങ്കെടുത്തു. ബി.എസ്.എഫിന്റെ അഭിമാനമായ ഒട്ടക സൈന്യത്തിന്റെ മാർച്ച് പാസ്റ്റിൽ ഇക്കുറി വനിതകളും പങ്കെടുക്കും. ഇന്ത്യ പാകിസ്താൻ അതിർത്തിയിൽ കവചമൊരുക്കുന്ന വനിത സൈനികരാണ് പങ്കെടുക്കുന്നത്. അഗ്നിവീരന്മാരും പരേഡിന്റെ ഭാഗമാകും.
144 നാവികസേനാംഗങ്ങൾ അടങ്ങുന്ന നാവിക സേനയുടെ സംഘത്തിന് നേതൃത്വം നൽകുന്നത് വനിത ഓഫീസറാണ്. ലെഫ്റ്റനന്റ് കമാൻഡർ ദിഷ അമൃത്. സിഗ്നൽ കോറിന്റെ ഡെയർ ഡെവിൾ ടീമിന് സംയുക്തമായി നേതൃത്വം നൽകുന്നത് വനിത ഓഫീസറായ ലെഫ്റ്റനന്റ് ഡിമ്പിൾ സിംഗ് ഭട്ടിയാണ്. ടീമംഗമായ മറ്റൊരു വനിത ഓഫീസർ ഹവിൽദാർ മണ്ഡൽ 18.8 അടി ഉയരമുള്ള കോണി മോട്ടോർ സൈക്കിളിൽ ഉറപ്പിച്ച് അതിനു മുകളിൽ നിൽക്കാനുള്ള പരിശീലനത്തിലാണ്.
ആത്മനിർഭാരത് പ്രമേയമാക്കി ഇന്ത്യൻ നിർമ്മിത ആയുധങ്ങളായിരിക്കും പരേഡിൽ പങ്കെടുക്കുക. ഇന്ത്യൻ നാവിക സേനയുടെ നിരീക്ഷണ വിമാനമായ ഐ.എൽ 38 ആദ്യമായും അവസാനമായും ഫ്ലൈപാസ്റ്റിൽ പങ്കെടുക്കും. ഇതോടെ വിമാനത്തിന്റെ 42 വർഷത്തെ സേവനം അവസാനിക്കുകയാണ്. 9 റഫേൽ വിമാനങ്ങളും പ്രചണ്ഡ് ഹെലികോപ്ടറും മുഖ്യ ആകർഷണമാകും.
മൊത്തം 23 ടാബ്ലോകളാണ് പരേഡിൽ പങ്കെടുക്കുന്നത്. സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ആകെ 17 എണ്ണവും മറ്റ് വകുപ്പുകളുടെ ആറെണ്ണവുമാണ് പങ്കെടുക്കുന്നത്. ജനുവരി 29 ന് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റിൽ 3500 തദ്ദേശ നിർമ്മിത ഡ്രോണുകളുടെ പ്രദർശനവും ഉണ്ടാകും.
Discussion about this post