ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും താമസം കോസ്‌റ്റോറിക്കയില്‍. ഓഗസ്റ്റ് ഒന്നിനാണ് ആനന്ദും രാധികയും കോസ്റ്റാറിക്കയിലെത്തിയതെന്ന് കോസ്റ്റാറിക്കയുടെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് മൈഗ്രേഷനില്‍ നിന്നുള്ള വിവരമുള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. ഇവിടെയുള്ള പ്രമുഖ ആഡംബര റിസോര്‍ട്ടായ കാസ ലാസ് ഓലസിലാണ് ഇരുവരും തങ്ങുന്നത്.
ശാന്തസമുദ്രത്തിനഭിമുഖമായി നില്‍ക്കുന്ന കാസ ലാസ് ഓലസില്‍ ആറ് കിടപ്പുമുറികളാണുള്ളത്. 18,475 ചതുരശ്രയടി വിസ്തൃതിയുള്ള സ്റ്റാര്‍വില്ല മുഴുവനായി ബുക്ക് ചെയ്യുന്നതിന് ഒരു ദിവസത്തേക്ക് 23,000 ഡോളര്‍( ഏകദേശം 19 ലക്ഷത്തിലധികം രൂപ) നല്‍കേണ്ടി വരുമെന്ന് വില്ലയുടെ ഉടമകളായ ഫോര്‍ സീസണ്‍സിന്റെ വെബ്സൈറ്റില്‍ പറയുന്നു. ഇതിനുപുറമേ ടാക്സും നല്‍കണം.
ജിം, വായനാസൗകര്യം കൂടാതെ വിശാലമായ ഔട്ട്ഡോര്‍, സ്വിമ്മിങ് പൂള്‍ എന്നീ സൗകര്യങ്ങള്‍ ഈ ആഡംബരവില്ലയിലുണ്ട്. കയ്യില്‍ നിന്ന് കാശ് ചെലവാക്കി ഇഷ്ടമുള്ള ഷെഫിനെ ചുമതലപ്പെടുത്തി അതിഥികള്‍ക്ക് സ്വയം ഭക്ഷണസൗകര്യമൊരുക്കാനുള്ള സംവിധാനവും ഈ റിസോര്‍ട്ടിലുണ്ട്.
സ്വകാര്യബാര്‍, യോഗ ട്രെയിനര്‍, മെഡിറ്റേഷന്‍ ട്രെയിനര്‍, മറ്റ് വര്‍ക്കൗട്ടുകള്‍ എന്നിവയ്ക്കായും അതിഥികള്‍ അധികതുക നല്‍കേണ്ടി വരും.ജൂലായ് മാസത്തിലായിരുന്നു ആനന്ദും രാധികയും വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇരുവരും പാരീസിലേക്ക് യാത്രയായി. അതിനുശേഷമാണ് ആനന്ദും രാധികയും കോസ്റ്റാറിക്കയിലേക്ക് തിരിച്ചത്.
Discussion about this post