സൂററ്റ്: പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസിൽ രണ്ട് വർഷത്തെ തടവും പിഴയും വിധിച്ച സൂററ്റ്
സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകി രാഹുൽ. ജില്ലാ സെഷൻസ് കോടതിയിൽ നേരിട്ടെത്തിയാണ് രാഹുൽ അപ്പീൽ നൽകിയത്. അപ്പീലിൽ മെയ് മൂന്നിന് കോടതി വാദം കേൾക്കും.
രാഹുലിന്റെ ജാമ്യം കോടതി പത്ത് ദിവസത്തേക്ക് കൂടി നീട്ടി നൽകി. ഏപ്രിൽ 13 വരെയാണ് ജാമ്യം നീട്ടി നൽകിയത്. പാർട്ടി ജനറൽ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക വാധ്ര, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിസുഖ്‌വിന്ദർ സിംഗ് സുഖു തുടങ്ങിയവരുൾപ്പെടെ നേതാക്കളുടെ വലിയ നിരയാണ് സൂററ്റിൽ ഉണ്ടായിരുന്നത്. രാഹുലിനെ മാലയണിയിച്ചാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഉൾപ്പെടെയുളളവർ വിമാനത്താവളത്തിൽ സ്വീകരിച്ചത്.
സൂററ്റിൽ രാഹുലിന് പിന്തുണ പ്രഖ്യാപിക്കാനെന്ന പേരിൽ എത്തിയ കോൺഗ്രസ് പ്രവർത്തകരെ കരുതൽ നടപടിയുടെ ഭാഗമായി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇൻഡിഗോ വിമാനത്തിലാണ് സഹോദരി പ്രിയങ്കയുമൊത്ത് രാഹുൽ സൂററ്റിലെത്തിയത്. കോടതിയിലേക്ക് പോകാൻ പ്രത്യേകം ബസ് സജ്ജമാക്കിയിരുന്നു.
ഒരു കേസിലെ ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകാൻ ഇത്രയും നേതാക്കളെയും അണികളെയും രംഗത്തിറക്കിയുളള കോൺഗ്രസ് നാടകത്തെ വിമർശിച്ച് ബിജെപി രംഗത്തെത്തിയിരുന്നു. രാഹുലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനാണ് നേതാക്കൾ എത്തിയതെന്നാണ് കോൺഗ്രസിന്റെ വിശദീകരണം.
മാർച്ച് 23 നാണ് പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസിൽ രാഹുലിനെ കോടതി ശിക്ഷിച്ചത്. രണ്ട് വർഷം തടവ് ലഭിച്ചതിനാൽ രാഹുലിന്റെ എംപി സ്ഥാനം അയോഗ്യമാക്കപ്പെട്ടിരുന്നു. എന്നാൽ ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകാതെ രാഷ്ട്രീയ ആയുധമാക്കി ബിജെപിയെ വേട്ടയാടാനായിരുന്നു കോൺഗ്രസിന്റെ നീക്കം.
Discussion about this post