ന്യൂഡൽഹി: ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ ഔദ്യോഗികവസതി ഒഴിഞ്ഞ് രാഹുൽ ഗാന്ധി. കഴിഞ്ഞ 19 വർഷമായി സെൻട്രൽ ഡൽഹിയിലെ ഔദ്യോഗിക വസതിയായ 12 തുഗ്ലക്ക് ലൈൻ ആണ് രാഹുൽ ഗാന്ധി ഒഴിഞ്ഞത്.
ഈ വീട് ഇന്ത്യയിലെ ജനങ്ങൾ തന്നതാണ് അത് തിരിച്ചെടുത്തുവെന്ന് രാഹുൽ ഗാന്ധി വീടൊഴിഞ്ഞ ശേഷം പ്രതികരിച്ചു. സത്യം പറയുന്നത് ഈ കാലത്ത് തെറ്റാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സത്യം പറഞ്ഞതിന് എന്ത് വിലയും നൽകാനും തയ്യാറാണ്. ബംഗ്ലാവ് തനിക്ക് നൽകിയത് രാജ്യത്തെ ജനങ്ങളാണെന്നും 19 വർഷത്തോളം താൻ അവിടെ താമസിച്ചെന്നും രാഹുൽ ഗാന്ധി പറഞ്ഞു. “എനിക്ക് ഇനി ഇവിടെ താമസിക്കാൻ താൽപ്പര്യമില്ല, 19 വർഷമായി ഞാൻ താമസിച്ചിരുന്ന സ്ഥലം എന്നിൽ നിന്ന് തട്ടിയെടുത്തതിൽ ഒരു പ്രശ്നവുമില്ലെന്ന് ബംഗ്ലാവിന്റെ താക്കോൽ ഔദ്യോഗികമായി കൈമാറിക്കൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും വീടൊഴിയുന്ന രാഹുലിനൊപ്പം എത്തിയിരുന്നു.വൈകീട്ട് 3 മണിയോടെ താക്കോൽ കൈമാറി. ട്രെക്കുകളിൽ സാധനങ്ങൾ മാറ്റുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. ഇനി മുതൽ സെൻട്രൽ ഡൽഹിയിലെ 10 ജൻപഥിലുള്ള അമ്മ സോണിയയുടെ ബംഗ്ലാവിലായിരിക്കും രാഹുലിന്റെ താമസം.
അയോഗ്യനാക്കപ്പെട്ട ഒരു എംപിയ്ക്ക് സർക്കാർ വസതിക്ക് അർഹതയില്ല. ഔദ്യോഗിക വസതി ഒഴിയാൻ ഒരു മാസത്തെ സമയം ലഭിക്കും.
Discussion about this post