ന്യൂഡൽഹി: ഓഫീസുകളിലെ വിവിഐപി സംസ്‌കാരം ഒഴിവാക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി. ഓഫീസിലെ അറ്റൻഡർമാരെ വിളിക്കാൻ ഇനി ബെല്ല് ഉപയോഗിക്കേണ്ടെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് നിർദ്ദേശം നൽകി. ദേശീയ മാദ്ധ്യമങ്ങളാണ് മന്ത്രിയുടെ ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അറ്റൻഡർമാരെ പേരെടുത്ത് വിളിച്ചാൽ മതിയെന്നാണ് ഉദ്യോഗസ്ഥർക്ക് മന്ത്രി നൽകിയ നിർദ്ദേശം. ജീവനക്കാർക്ക് മാതൃകയായി തന്റെ ഓഫീസിലെ ബെല്ലുകൾ മന്ത്രി ആദ്യം തന്നെ നീക്കം ചെയ്തു. ജീവനക്കാരിൽ പദവിയിലെ വലുപ്പച്ചെറുപ്പം ഇല്ലാതെ തുല്യ ബഹുമാനം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് തീരുമാനമെന്നാണ് മന്ത്രിയുടെ നിലപാട്.
ഓഫീസിലെ വിവിഐപി സംസ്‌കാരത്തോട് ചേർന്ന് നിൽക്കുന്ന ജീവനക്കാരുടെ മനോഭാവം മാറ്റിയെടുക്കാനും നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ. റെയിൽവേ മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ പൂർണവേഗതയിലെത്തിക്കാൻ എല്ലാ ജീവനക്കാരുടെയും 100 ശതമാനം അദ്ധ്വാനവും ആവശ്യമാണെന്നാണ് അശ്വിനി വൈഷ്ണവിന്റെ കാഴ്ചപ്പാട്.
ഇത്തരത്തിൽ പൂർണമായി അർപ്പണ മനസോടെ എല്ലാ ജീവനക്കാരും പ്രവർത്തിക്കണമെങ്കിൽ ഓഫീസിലെ വിവിഐപി സംസ്‌കാരം ഒഴിവാക്കണമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചതായി ജീവനക്കാർ പറയുന്നു.
ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലാണ് നിലവിൽ ഇന്ത്യൻ റെയിൽവേ. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഉണ്ടാകാത്ത തരത്തിലുളള അടിസ്ഥാന സൗകര്യ വികസനങ്ങളാണ് റെയിൽവേയുടെ ഭാഗമായി നടക്കുന്നത്. വന്ദേഭാരത് എക്‌സ്പ്രസ് പോലെ കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റങ്ങളും റെയിൽവേയുടെ പ്രശസ്തി നാൾക്കുനാൾ വർദ്ധിപ്പിക്കുകയാണ്. റെയിൽവേ ജീവനക്കാർക്കാണ് ഈ നേട്ടത്തിന്റെ എല്ലാ ക്രെഡിറ്റും മന്ത്രി സമർപ്പിക്കുന്നതും. അതിനൊപ്പമാണ് തന്റെ ഓഫീസിലെ വിവിഐപി സംസ്‌കാരം ഒഴിവാക്കിയും അശ്വിനി വൈഷ്ണവ് മാതൃകയാകുന്നത്.
Discussion about this post