ബംഗളൂരു: ആരാധകനായ രേണുകസ്വാമിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ കന്നഡ സൂപ്പര്‍ താരം ദര്‍ശനെതിരെ കര്‍ണാടക പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് രേണുകസ്വാമി കൊടിയ പീഡനത്തിന് വിധേയനായെന്നും കൊലപാതകത്തില്‍ ദര്‍ശന്‍ പങ്കെടുത്തെന്നും വ്യക്തമാക്കുന്നുണ്ട്.
‘ദര്‍ശന്റേയും സംഘത്തിന്റേയും മര്‍ദനമേറ്റ് രേണുകസ്വാമിയുടെ നെഞ്ചിലെ എല്ലുകള്‍ തകര്‍ന്നു. ശരീരത്തിലുടനീളം 39 മുറിവുകളുണ്ട്. തലയിലും ആഴത്തിലുള്ള മുറിവുണ്ട്,’- കുറ്റപത്രത്തില്‍ പറയുന്നു. രേണുകസ്വാമിയുടെ സ്വകാര്യ ഭാഗത്ത് വൈദ്യുതാഘാതം ഏല്‍പ്പിച്ചിട്ടുണ്ട്. മെഗ്ഗര്‍ മെഷീന്‍ എന്ന വൈദ്യുത ഉപകരണം ഉപയോഗിച്ചാണ് സംഘം രേണുകസ്വാമിയുടെ സ്വകാര്യഭാഗത്ത് വൈദ്യുതാഘാതമേല്‍പ്പിച്ചത്. ഇതിനെ തുടര്‍ന്ന് രേണുകസ്വാമിയുടെ വൃഷണത്തിന് തകരാര്‍ സംഭവിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
രേണുകസ്വാമി വെട്ടേറ്റ് കൊല്ലപ്പെടുന്നതിന് മുമ്പ് അതിക്രൂരവും ഇതുവരെ കേട്ടുകേള്‍വിയില്ലാത്തതും മനുഷ്യത്വരഹിതവുമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.കൊലപാതകത്തിന് ശേഷം ദര്‍ശനും മറ്റ് പ്രതികളും സ്വാധീനവും പണവും ഉപയോഗിച്ച് മൃതദേഹം സംസ്‌കരിക്കുകയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ മറ്റ് വ്യക്തികളെ കുടുക്കാനും ഇവര്‍ ശ്രമിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു.
കേസില്‍ ദര്‍ശന്‍ രണ്ടാം പ്രതിയാണ്. അദ്ദേഹത്തിന്റെ അഭിഭാഷക സംഘം ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ്. അതേസമയം, ജയിലിനുള്ളില്‍ വിഐപി പരിഗണന ലഭിച്ചതുമായി ബന്ധപ്പെട്ട് പുതിയ മൂന്ന് കേസുകളില്‍ കൂടി പ്രതിയായതിനാല്‍ ജാമ്യം ലഭിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സംഭവത്തിന് ശേഷം തന്റെ വരാനിരിക്കുന്ന ‘ഡെവിള്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ദര്‍ശന്‍ മൈസൂരുവിലേക്ക് പോയിരുന്നു. എസിപി ചന്ദന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ബംഗളൂരു പൊലീസ് സംഘം ഇയാളെ ഒരു ഹോട്ടലില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.
അതേസമയം, ജയിലില്‍ ദര്‍ശന് വിഐപി പരിഗണന ലഭിക്കുന്നതായി വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. സഹതടവുകാരും ഇത് സത്യമാണെന്ന് വെളിപ്പെടുത്തിയിരുന്നു. കസേരയുമിട്ട് പൂന്തോട്ടത്തിലിരുന്ന് കാപ്പി കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്യുന്ന നടന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്.
Discussion about this post