ആർഎസ്എസിൽ ഏത് മതസ്ഥർക്കും പങ്കെടുക്കാമെന്നും എല്ലാവരും ഭാരതമാതാവിന്റെ മക്കളാണെന്നും സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും സംഘത്തിൽ അനുവദിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു അദ്ദേഹം. സംഘത്തിൽ ബ്രാഹ്‌മണർക്ക് പ്രവേശനമില്ല. സംഘത്തിൽ മറ്റ് ജാതികൾക്ക് പ്രവേശനമില്ല. ഒരു മുസ്ലീമിനും, ഒരു ക്രിസ്ത്യാനിക്കും പ്രവേശനമില്ല. എല്ലാവരും ഹിന്ദുക്കളാണ്,ഭാരതമാതാവിന്റെ മക്കളാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാവരുടെയും സവിശേഷതകളെ ആദരിക്കുമ്പോൾ അവയ്ക്ക് അതീതമായി നമ്മൾ ഒന്നെന്ന ഭാവമാണ് ആർഎസ്എസ് പുലർത്തുന്നത്. ശാഖയിലൂടെ വ്യക്തിനിർമ്മാണമാണ് ആർഎസ്എസിന്റെ പ്രധാന പ്രവർത്തനമെന്ന് അദ്ദേഹം വ്യക്തമാക്കി. ബനസശങ്കരി പിഇഎസ് സർവ്വകലാശാലയിൽ സംഘശതാബ്ദി വ്യാഖ്യാനമാലയുടെ രണ്ടാം ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർഎസ്എസിൽ ഒരു തരത്തിലുമുള്ള വിവേചനങ്ങളില്ല. ഭാരതമാതാവിന് പ്രണാമം അർപ്പിക്കുന്ന ആരെയും സ്വാഗതം ചെയ്യുന്നു. സംഘം തങ്ങളുടെ ദൈനംദിന ശാഖകളിൽ പങ്കെടുക്കുന്ന ആരോടും മതമോ ജാതിയോ ചോദിക്കാറില്ലെന്നും ഭഗവത് കൂട്ടിച്ചേർത്തു. ‘മുസ്ലീങ്ങൾ ശാഖയിലേക്ക് വരുന്നു, ക്രിസ്ത്യാനികൾ ശാഖയിലേക്ക് വരുന്നു, ഹിന്ദു സമൂഹത്തിലെ മറ്റെല്ലാ ജാതിക്കാരെയും പോലെ, അവരും ശാഖയിലേക്ക് വരുന്നു. എന്നാൽ ഞങ്ങൾ അവരെ കണക്കാക്കുന്നില്ല, അവർ ആരാണെന്ന് ഞങ്ങൾ ചോദിക്കുന്നില്ല. നാമെല്ലാവരും ഭാരതമാതാവിന്റെ മക്കളാണ്. അങ്ങനെയാണ് സംഘം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
1933 മുതൽ രാഷ്ട്ര സേവിക സമിതിയിലൂടെ സ്ത്രീകളും സംഘത്തിന്റെ ഭാഗമാണ്. ദൈനംദിന ശാഖ ഒഴികെ, സേവ, മഹിളാ സമന്വയം തുടങ്ങി മറ്റ് സംഘ പ്രവർത്തനങ്ങളിൽ പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും ബുദ്ധിപരമായും മാനസികമായും തുല്യരും പരസ്പര പൂരകങ്ങളുമാണ്. സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ ഭാരതത്തിന്റെ വിമോചനം അസാധ്യമാണ്. അമ്മയാണ് ആദ്യ അദ്ധ്യാപികയെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞു. കുടുംബങ്ങളും ഗൃഹസ്ഥരുമാണ് സമൂഹത്തെ നിലനിർത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.









Discussion about this post