മുംബൈ : രാജസ്ഥാനിൽ നിന്നുള്ള ഒരു പെൺകുട്ടിയുടെ വെടിക്കെട്ട് ബാറ്റിംഗ് വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വനിതാ പ്രീമിയർ ലീഗ് താരലേലം കഴിഞ്ഞതോടെയാണ് ഇത് ശ്രദ്ധ നേടുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെയും ഈ കൊച്ചു മിടുക്കിയുടെ ബാറ്റിംഗ് വിസ്മയിപ്പിച്ചുകഴിഞ്ഞു. സച്ചിനും ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
”ഇന്നലെയാണ് ലേലം നടന്നത്… ഇന്ന് മത്സരം തുടങ്ങിയോ? എന്ത് മനോഹരമാണിത്. പെൺകുട്ടിയുടെ ബാറ്റിംഗ് ശരിക്കും ആസ്വദിച്ചു” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
https://twitter.com/sachin_rt/status/1625436520030273537?fbclid=IwAR2QRzXyltZhI52bEHIxTaL2-tdgq6Ytvxn1HbQjFtwIG6U4lYce0fw2Alg
ബിസിസിഐ സെക്രട്ടറി ജയ് ഷായും വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചു. ‘ പെൺകുട്ടിയുടെ ക്രിക്കറ്റിലെ കഴിവുകളും കളിയോടുള്ള അഭിനിവേശവും കണ്ട് അത്ഭുതപ്പെട്ടു! വനിതാ ക്രിക്കറ്റിന്റെ ഭാവി നല്ല കൈകളിലാണെന്ന് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നമ്മുടെ യുവ അത്ലറ്റുകളെ ശാക്തീകരിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, അങ്ങനെ അവരെ ഭാവിയിലെ ഗെയിംചേഞ്ചർമാരായി മാറ്റാൻ സാധിക്കും ‘ ഷാ കുറിച്ചു.
രാജസ്ഥാനിലെ ബാർമർ ജില്ലയിലെ കർഷകന്റെ മകളായ മൂമൽ മെഹർ എന്ന എട്ടാം ക്ലാസുകാരിയുടെ വീഡിയോയാണിത്.ക്രീസിൽനിന്ന് ഇറങ്ങി പന്തുകൾ ഓരോന്നായി അതിർത്തി കടത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. താൻ ദിവസവും നാല് മണിക്കൂർ ക്രിക്കറ്റ് പരിശീലിക്കാറുണ്ടെന്നും മൂമൽ പറയുന്നു. ക്രിക്കറ്റ് താരം സൂര്യകുമാർ യാദവിന്റെ കടുത്ത ആരാധികയാണ് മൂമൽ.













Discussion about this post