ന്യൂഡൽഹി; ജമ്മു-കശ്മീരിലെ നിയമസഭാ, പാർലമെന്റ് മണ്ഡലങ്ങളുടെ പുനർനിർണയം ചോദ്യം ചെയ്തു നൽകിയ ഹർജികൾ തളളി സുപ്രീംകോടതി. അതിർത്തി പുനർനിർണയത്തിനായി രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷന് ഭരണഘടനാപരമായി സാധുതയില്ലെന്നും 2026 ന് മുൻപ് ഇന്ത്യയിൽ മണ്ഡല അതിർത്തികൾ പുനർനിർണയിക്കുന്നതിന് വിലക്കുണ്ടെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജികളാണ് തള്ളിയത്. ജസ്റ്റീസുമാരായ സഞ്ജയ് കിഷൻ കൗൾ, എഎസ് ഓഖ എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
ശ്രീനഗർ സ്വദേശികളായ ഹാജി അബ്ദുൾ ഗാനി ഖാൻ, മുഹമ്മദ് അയൂബ് മാറ്റോ എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. കശ്മീരിലെ മണ്ഡല പുനർനിർണയത്തിനെതിരെ നിരന്തരം ആക്ഷേപം ഉന്നയിച്ചിരുന്ന പ്രതിപക്ഷ പാർട്ടികൾക്കുളള തിരിച്ചടി കൂടിയാണ് വിധി. ഇന്ത്യയിലെ മണ്ഡലങ്ങൾ 1971 ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് നിർണയിച്ചിരിക്കുന്നതെന്നും 2026 ന് ശേഷമുളള ആദ്യ സെൻസസ് വരെ ഇതിന് മാറ്റമില്ലാതെ നിലനിർത്തണമെന്ന് വ്യവസ്ഥയുണ്ടെന്നുമായിരുന്നു ഹർജിക്കാരുടെ വാദം.
എന്നാൽ കശ്മീരിന് പ്രത്യേകാധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം 2019 ൽ പാർലമെന്റ് പാസാക്കിയ ജമ്മു കശ്മീർ റീ ഓർഗനൈസേഷൻ ആക്ട് അനുസരിച്ചാണ് അതിർത്തി പുനർനിർണയ കമ്മീഷൻ രൂപീകരിച്ചതെന്ന് കേന്ദ്രസർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മേയിൽ ജമ്മു കശ്മീരിലെ അഞ്ച് പാർലമെന്റ് മണ്ഡലങ്ങളുടെയും 90 നിയമസഭാ മണ്ഡലങ്ങളുടെയും അതിർത്തി പുനർനിർണയം കമ്മീഷൻ പൂർത്തിയാക്കിയിരുന്നു. ജമ്മുവിൽ 43 മണ്ഡലങ്ങളും കശ്മീർ താഴ് വരയിൽ 47 മണ്ഡലങ്ങളുമാണ് ഉളളത്. 2011 ലെ സെൻസസ് കണക്കിലെടുത്താണ് മണ്ഡല പുനർനിർണയം പൂർത്തിയാക്കിയത്.
Discussion about this post