ടിവിയും ലാപ്‌ടോപുമൊന്നുമില്ലാതെ ഇടുങ്ങിയ ഒരു മുറിയില്‍ ഒറ്റയ്ക്ക് കഴിയുക. ഭക്ഷണം പോലും മുറിയുടെ ചുമരിലെ ചെറുദ്വാരത്തിലൂടെയാണ് സ്വീകരിക്കുക. ഇങ്ങനെ സ്വയം വിധിക്കുന്ന ഏകാന്തതടവ് മൂന്നു ദിവസങ്ങള്‍ നീളും. തെക്കന്‍ കൊറിയയിലെ ചില മാതാപിതാക്കളാണ് ഇത്തരത്തിലൊരു സ്വയം തടവ് സ്വീകരിക്കുന്നത്. എന്നാല്‍ എന്താണ് അവരെ ഇതിന് പ്രേരിപ്പിക്കുന്ന കാര്യമെന്ന് കേട്ടാല്‍ ആര്‍ക്കും അല്‍പ്പം വിഷമം തോന്നും.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് വേണ്ടിയുള്ള ഒരു പ്രോഗ്രാമിന്റെ ഭാഗമാണിത്. തെക്കന്‍ കൊറിയയില്‍ കൂടുതല്‍ കുട്ടികളും കനത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്.അവരുടെ അവസ്ഥ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കള്‍ ഇത്തരമൊരു സാഹസത്തിന് മുതിരുന്നത്.
തെക്കന്‍ കൊറിയന്‍ ആരോഗ്യമന്ത്രാലയത്തിന്റെ സര്‍വേ പ്രകാരം 5ശതമാനം ചെറുപ്പക്കാരാണ് നിരാശിതരായി ജീവിതംനയിക്കുന്നത്. സമൂഹത്തിന്റെ നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങി അവര്‍ക്ക് ജീവിക്കേണ്ടി വരുന്നു. സമൂഹം ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം വീട്ടുകാരുടെ അമിത പ്രതീക്ഷകളും കൊറിയന്‍ യുവത്വത്തെ വേട്ടയാടുകയാണ്.
20 കളില്‍ നല്ല ജോലി സമ്പാദിക്കുക 30 കളില്‍ വിവാഹം കഴിക്കുക 40 കളില്‍ കുട്ടികള്‍ ഉണ്ടാവുക എന്നതാണ് കൊറിയന്‍ സമൂഹത്തിന്റെ അലിഖിത നിയമാവലി. ഇതില്‍ നിന്ന് അല്‍പ്പമെങ്കിലും മാറ്റം വന്നാല്‍ കൊറിയന്‍ യുവത വലിയ കഴിവ് കേടായാണ് അത് കണക്കാക്കുന്നത്.
Discussion about this post