മുംബൈ: അമിതാഭ് ബച്ചനെപ്പോലുളള നടൻമാർക്ക് വേണ്ടി ഇപ്പോഴും പ്രത്യേകമായി സ്ക്രിപ്റ്റുകൾ എഴുതുകയും കഥാപാത്രങ്ങളെ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ നടിമാർ ഈ തരത്തിൽ അവഗണിക്കപ്പെടുകയാണെന്ന് നടിയും രാഷ്ട്രീയനേതാവുമായ ഹേമമാലിനി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹേമമാലിനിയുടെ തുറന്നുപറച്ചിൽ.
ബച്ചന് വേണ്ടി വലിയ റോളുകൾ പ്രത്യേകം എഴുതി തയ്യാറാക്കാറുണ്ട്. ബച്ചനെ മനസിൽ കരുതിയായിരിക്കും അത്തരം കഥാപാത്രങ്ങൾ സൃഷ്ടിക്കുക. പക്ഷെ ഒരു നടിക്ക് വേണ്ടിയും അത്തരം റോളുകൾ ആരും എഴുതി തയ്യാറാക്കുന്നില്ല. ആരെങ്കിലും തനിക്ക് വേണ്ടി അത്തരം കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ തയ്യാറായാൽ തനിക്ക് വലിയ ആത്മവിശ്വാസമാകും ഉണ്ടാകുകയെന്നും മികച്ച രീതിയിൽ പെർഫോം ചെയ്യാനാകുമെന്നും ഹേമമാലിനി പറഞ്ഞു.
എവിടെയാണ് അവസരങ്ങൾ എന്ന് ചോദിച്ചുകൊണ്ടാണ് അവർ ഈ വേർതിരിവിനെക്കുറിച്ച് തുറന്നുപറഞ്ഞത്. നടിമാർക്കായി എഴുത്തുകാരന്റെ പിന്തുണയുളള ശക്തമായ ക്യാരക്ടറുകൾ സൃഷ്ടിക്കുന്നില്ല. അത്തരം ക്യാരക്ടറുകൾ നടൻമാർക്ക് വേണ്ടി സംവരണം ചെയ്തിരിക്കുകയാണ്.
ഒരു നടിയെന്ന നിലയിൽ ഏറ്റവും മികച്ച പ്രൊജക്ടുകളാണ് താൻ ആഗ്രഹിക്കുന്നത്. അഭിനയം അവസാനിപ്പിച്ചുവെന്ന് താൻ പറഞ്ഞിട്ടില്ല, കാരണം അത് തന്റെ പാഷൻ ആണെന്നും ഹേമമാലിനി പറഞ്ഞു.
Discussion about this post