വാഷിംഗ്ടണ്‍: സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കം അടുത്ത വര്‍ഷമായേക്കും. ബോയിംഗ് സ്റ്റാര്‍ലൈനര്‍ പേടകത്തെ യാത്രക്കാരില്ലാതെ തന്നെ തിരിച്ചുകൊണ്ടുവരുന്നതിനാണ് നാസയുടെ തീരുമാനം. സ്‌പേസ് എക്‌സിന്റെ ക്രൂ 9 ദൗത്യ സംഘങ്ങള്‍ക്കൊപ്പം ഡ്രാഗണ്‍ പേടകത്തിലാണ് സുനിതയെയും ബുച്ചിനെയും കൊണ്ടുവരിക.
2025 ഫെബ്രുവരിയിലാകും മടക്കയാത്ര.
ഇരുവരുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുന്നതിനാലാണ് സ്റ്റാര്‍ലൈനറിലെ മടക്കം ഒഴിവാക്കുന്നതെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ അറിയിച്ചു. ഈ വര്‍ഷം ജൂണ്‍ ആറിനാണ് ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിതയും ബുച്ചും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്.
എത്തിച്ചേര്‍ന്നതിന് പിന്നാലെ ഒരാഴ്ചയ്ക്കകം മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ വിക്ഷേപണത്തിന് പിന്നാലെ സ്റ്റാര്‍ലൈനര്‍ സര്‍വ്വീസ് മൊഡ്യൂളിലെ റിയാക്ഷന്‍ കണ്‍ട്രോള്‍ ത്രസ്റ്ററുകളിലൂടെ ഹീലിയം ചോര്‍ന്നതാണ് ദൗത്യത്തെ പ്രതിസന്ധിയിലാക്കിയത്.
വിമാന സുരക്ഷയില്‍ പിഴവ് സംഭവിച്ചുവെന്ന ബോയിങിന് നാസയുടെ പുതിയ തീരുമാനം കടുത്ത തിരിച്ചടിയാണ്. പേടകത്തിനേറ്റ തകരാറും തുടര്‍ന്നുണ്ടായ സംഭവങ്ങളും ബോയിങ് സ്റ്റാര്‍ലൈനറിനെ ഇനിയൊരിക്കല്‍ കൂടി ആശ്രയിക്കുന്നതില്‍ നിന്ന് നാസയെ പിന്തിരിപ്പിക്കുമെന്ന ആശങ്കയുണ്ട്
എന്നാല്‍.ബഹിരാകാശ യാത്രകള്‍ക്കുതകുന്ന പേടകങ്ങളില്‍ തന്നെ ബോയിങ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സുരക്ഷയ്ക്ക് തന്നെയാകും ഊന്നല്‍ നല്‍കുകയെന്നും ബോയിങ് വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ഒരു ദശാബ്ദത്തിലേറെയായുള്ള ബന്ധമാണ് ബഹിരാകാശ യാത്രകളില്‍ നാസയും ബോയിങുമായുള്ളത്.4 ബില്യണിന്റെ കോണ്‍ട്രാക്ടാണ് നാസയില്‍ നിന്ന് ബോയിങ് സ്വന്തമാക്കിയത്.
Discussion about this post