എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച സംബന്ധിച്ച ചര്‍ച്ചകളോട് തനിക്ക് പുച്ഛമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തരത്തില്‍ രാഷ്ട്രീയ അയിത്തം കല്‍പിക്കുന്നവര്‍ ക്രിമിനലുകളാണ്. കൂടിക്കാഴ്ച്ച വിവാദത്തെ വിമര്‍ശിച്ച പി.എസ്. ശ്രീധരന്‍ പിള്ളയെ അദ്ദേഹം അഭിനന്ദിച്ചു. അങ്ങനെ വിമര്‍ശിക്കാന്‍ യോഗ്യനായ ഒരാള്‍ കേരളത്തില്‍ ഉണ്ടായി. എല്ലാവരെയും ജീവിക്കാന്‍ അനുവദിക്കണമെന്നും താന്‍ ആരെയും ഒരു തരത്തിലും ദ്രോഹിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം ആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച്ച നടത്തിയത് തെറ്റായ നടപടിയെന്ന ചര്‍ച്ചയെ നിശതമായി വിമര്‍ശിച്ച് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള രംഗത്തുവന്നിരുന്നു. കാണാന്‍ പാടില്ല, തൊടാന്‍ പാടില്ല എന്നതാണ് ഇപ്പോഴത്തെ കേരളത്തിലെ ചര്‍ച്ച. രാഷ്ട്രീയ അയിത്തം കുറ്റകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇത്തരം ചര്‍ച്ചകള്‍ കേരളത്തില്‍ മാത്രമാണ് നടക്കുന്നത്. ജനാധിപത്യത്തിന്റെ അടിത്തറയെയാണ് ഇതെല്ലാം തകര്‍ക്കുന്നത്. ഗവര്‍ണര്‍ക്ക് ഇതൊന്നും പറയാന്‍ പാടില്ല എന്നറിയാം .എങ്കിലും പറഞ്ഞുപോവുകയാണ്. ജനങ്ങളുടെ രാഷ്ട്രീയമാണ് ഞാന്‍ പറയുന്നത്. കക്ഷിരാഷ്ട്രീയമല്ല. കേരത്തിന്റെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആരെയാണ് കബളിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ആര്‍.എസ്.എസിന് പബ്ലിസിറ്റി ആവശ്യമില്ല. അവിടെ ഹൃദയങ്ങള്‍ തമ്മിലാണ് ബന്ധപ്പെടുന്നത്. രാഷ്ട്രീയ വിശദീകരണ യോഗം നടക്കാത്തതും അതുകൊണ്ടാണെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കോഴിക്കോട് പി.പി .മുകുന്ദന്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Discussion about this post