ഗുവാഹട്ടി : വീട്ടിൽ പ്രസവിക്കാൻ ശ്രമിച്ചതിനെ തുടർന്ന് 16 കാരി മരിച്ചു. അസമിലെ ബോൺഗൈഗാവ് ജില്ലയിലാണ് സംഭവം. പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവമുണ്ടായതാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവിനെയും അച്ഛനെയും പോലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതോടെ ബന്ധുക്കൾ വീട്ടിൽ തന്നെ പ്രസവത്തിന് സൗകര്യം ഒരുക്കുകയായിരുന്നു. തുടർന്ന് ഇവർ പ്രസവം വീട്ടിൽ വെച്ച് നടത്താൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ അമിത രക്തസ്രാവമുണ്ടായതോടെ പെൺകുട്ടിയുടെ നില മോശമായി. തുടർന്ന് പെൺകുട്ടിയെ ഇവർ ഛലന്തപാറ ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
അവിടെ നിന്ന് കൂടുതൽ സൗകര്യമുള്ള ബോൺഗൈഗാവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ബന്ധുക്കൾ ചേർന്ന് കുട്ടിയെ കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
സംഭവത്തിൽ കുട്ടിയുടെ ഭർത്താവ് സഹീനുർ അലി, അച്ഛൻ അയ്‌നുൾ ഹഖ് എന്നിവരാണ് അറസ്റ്റിലായത്. പ്രസവാനന്തര അമിത രക്തസ്രാവം മൂലമാണ് പെൺകുട്ടി മരിച്ചത് എന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
Discussion about this post