ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് സർവ്വകലാശാല ലോ കോളജിൽ ഹോളി ആഘോഷിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മർദ്ദനം. ഇസ്ലാമിക വിദ്യാർത്ഥി സംഘടനയായ ഇസ്ലാമി ജാമിയത്ത് തുൽബയും കോളജിലെ സുരക്ഷാ ജീവനക്കാരും ചേർന്നാണ് ഹിന്ദു വിദ്യാർത്ഥികളെ മർദ്ദിച്ചത്. പതിനഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റിട്ടുണ്ട്. കോളജിന്റെ ഗ്രൗണ്ടിൽ ഹോളി ആഘോഷിക്കുന്നതിനിടെ ഇരച്ചെത്തിയ അക്രമികൾ ന്യൂനപക്ഷ വിദ്യാർത്ഥികളെ തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നു.
മുപ്പതോളം ഹിന്ദു വിദ്യാർത്ഥികളാണ് ക്യാമ്പസിൽ ഹോളി ആഘോഷിക്കാൻ ഒത്തുചേർന്നത്. സർവ്വകലാശാല ഭരണകൂടത്തിന്റെ അനുമതിയോടെയാണ് വിദ്യാർത്ഥികൾ ഹോളി ആഘോഷം സംഘടിപ്പിച്ചത്. മർദ്ദനത്തിന് തുടക്കമിട്ട ഇസ്ലാമി ജാമിയത്ത് തുൽബ വിദ്യാർത്ഥികൾക്കെതിരെ പ്രതിഷേധവുമായി വിസിയുടെ ഓഫീസിന് മുൻപിലെത്തിയപ്പോഴാണ് സുരക്ഷാ ജീവനക്കാരും വിദ്യാർത്ഥികളെ മർദ്ദിച്ചത്.
സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഇസ്ലാമി ജാമിയത്ത് തുൽബയുടെ നേതൃത്വത്തിൽ നേരത്തെ ഖുർആൻ പാരായണം ഉൾപ്പെടെ കോളജിൽ നടത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധമുയർന്നതോടെ അനുമതി നൽകിയിട്ടില്ലെന്ന് പറഞ്ഞ് ഹിന്ദു വിദ്യാർത്ഥികളെ പ്രതിക്കൂട്ടിലാക്കാനാണ് സർവ്വകലാശാല അധികൃതർ ശ്രമിക്കുന്നത്.
കോളജിന്റെ ഗ്രൗണ്ടിൽ ഹോളി ആഘോഷിക്കാൻ അനുമതി നൽകിയിരുന്നില്ലെന്നും അടച്ചിട്ട മുറിയിൽ ആഘോഷിക്കുന്നതിന് ആരും വിലക്കിയിട്ടില്ലെന്നുമായിരുന്നു സർവ്വകലാശാല വക്താവ് ഖുറാം ഷെഹ്‌സാദിന്റെ മറുപടി. സംഭവത്തിൽ വൈസ് ചാൻസലർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഷെഹ്‌സാദ് വ്യക്തമാക്കി.
https://twitter.com/MehtabPsf/status/1632772442962771968?s=20
Discussion about this post