ശ്രീനഗർ: ജമ്മു കശ്മീരിൽ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ഭീകരർ അറസ്റ്റിൽ. രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് പോലീസ് 12 മണിക്കൂർ തികയുന്നതിന് മുൻപ് പിടികൂടിയത്. പ്രദേശത്തെ കടയ്ക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തിയ കേസിലെ പ്രതികളാണ് ഇരുവരും.
ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇരുവരെയും ചോദ്യം ചെയ്തതിന് ശേഷം സബ് ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ പോലീസിനെ ആക്രമിച്ച് ഇരുവരും ഓടി രക്ഷപ്പെട്ടു. ഇവരെ പിന്തുടർന്ന് പോലീസ് കുറച്ച് ദൂരം ഓടിയെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. ഇതോടെ ഇവർ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.
ബരാമുള്ളയിലെ മുഴുവൻ പോലീസ് സ്‌റ്റേഷനുകളിലും ഉടൻ ജാഗ്രതാ നിർദ്ദേശം നൽകി. ഇതിന് പുറമേ ശക്തമായ സുരക്ഷാ പരിശോധനയും ആരംഭിച്ചു. പ്രദേശങ്ങളിലെ മുഴുവൻ സിസിടിവി ക്യാമറകളും പരിശോധിച്ചതോടെ ഭീകരരുടെ സഞ്ചാര ദിശ വ്യക്തമാകുകയായിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീകരരെ പിടികൂടിയത്.
പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച കുറ്റത്തിനും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇരുവരെയും വിശദമായി ചോദ്യം ചെയ്ത ശേഷം ബരാമുള്ളയിലെ ജയിലിലേക്ക് മാറ്റി.
Discussion about this post