ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ദി കേരള സ്‌റ്റോറിയുടെ അണിയറ പ്രവർത്തകർ. സംവിധായകൻ സുദീപ്‌തോ സെൻ, മുഖ്യവേഷത്തിലെത്തിയ ആദാ ശർമ്മ എന്നിവരുൾപ്പെടെയാണ് അദ്ദേഹത്തെ ഔദ്യോഗിക വസതിയിൽ എത്തി കണ്ടത്. കഴിഞ്ഞ ദിവസം സിനിമയുടെ നികുതി യോഗി സർക്കാർ എടുത്ത് കളഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു യോഗിയുമായുള്ള കൂടിക്കാഴ്ച.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഘം മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയത്. നിർമ്മാതാവ് വിപുൽ ശർമ്മയും മറ്റ് പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹവുമായി അണിയറ പ്രവർത്തകർ ചർച്ച ചെയ്തു. മുഖ്യമന്ത്രിയോട് തീർച്ഛയായും ദി കേരള സ്റ്റോറി കണ്ട് അഭിപ്രായം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട ശേഷമായിരുന്നു അണിയറ പ്രവർത്തകർ മടങ്ങിയത്.
ഉത്തർപ്രദേശിൽ നടപ്പിലാക്കിയ മതപരിവർത്തന നിരോധന നിയമത്തെ സംഘം പ്രശംസിച്ചു. ഇതിനായി സർക്കാർ നടത്തിയ കഠിന ശ്രമങ്ങളായിരുന്നുവെന്നും അണിയറ പ്രവർത്തകർ അഭിപ്രായപ്പെട്ടു.
സിനിമ കൂടുതൽ പ്രേഷകരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാനം നികുതി എടുത്ത് കളഞ്ഞത്. തമിഴ്‌നാടും, പശ്ചിമ ബംഗാളും സിനിമയുടെ പ്രദർശനം വിലക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു നികുതി എടുത്ത് കളയാനുള്ള സർക്കാർ തീരുമാനം. അതേസമയം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നാളെ സംഘടിപ്പിക്കുന്ന ദി കേരള സ്റ്റോറിയുടെ പ്രത്യേക പ്രദർശനം കാണും.
Discussion about this post