ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടമാണ് താൻ നടത്തുന്നതെന്ന് രാഹുൽ. തന്നെ ശിക്ഷിച്ചുകൊണ്ടുളള വിധിക്കെതിരെ സൂററ്റ് കോടതിയിൽ അപ്പീൽ നൽകിയ ശേഷം ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്റെ പ്രതികരണം. ഈ പോരാട്ടത്തിൽ സത്യമാണ് എന്റെ ആയുധം, സത്യമാണ് എന്റെ പിന്തുണയെന്നും രാഹുൽ കൂട്ടിച്ചേർത്തു.
സൂററ്റ് കോടതിയിൽ അപ്പീൽ നൽകാനായി സഹോദരി പ്രിയങ്ക വാധ്രയും കോൺഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രിമാരും ഉൾപ്പെടെ എത്തിയിരുന്നു. കോടതിയുടെ പരിസരത്ത് പാർട്ടി പ്രവർത്തകരെ സംഘടിപ്പിച്ച് പ്രതിഷേധം സൃഷ്ടിക്കാനും കോൺഗ്രസ് നീക്കം നടത്തിയിരുന്നു. ഇതിനെ ശക്തമായ ഭാഷയിലാണ് ബിജെപി വിമർശിച്ചത്. കേസ് വാദം കേട്ട സമയത്ത് പലപ്പോഴും കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് അവധി വാങ്ങിയ രാഹുൽ ഇപ്പോൾ ഒരു അപ്പീൽ നൽകാൻ പോലും കോടതിയിൽ നേരിട്ട് പരിവാരങ്ങളുമൊത്ത് എത്തുകയാണെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.
മാർച്ച് 23 നാണ് പിന്നാക്ക സമുദായത്തെ അവഹേളിച്ച കേസിൽ രാഹുലിന് കോടതി രണ്ട് വർഷത്തെ തടവും പിഴയും ശിക്ഷ വിധിച്ചത്. തടവ് രണ്ട് വർഷമായതിനാൽ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് ലോക്‌സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടുകയും ചെയ്തു. ഇതിനെതിരെയുളള പ്രതിഷേധങ്ങളിലായിരുന്നു കോൺഗ്രസ്. വിധിക്കെതിരെ അപ്പീൽ നൽകാതെ പ്രതിഷേധങ്ങളുമായി മുൻപോട്ട് പോകുന്ന കോൺഗ്രസിന്റെ നിലപാടിനെ ബിജെപി തുറന്നുകാട്ടിയിരുന്നു. തുടർന്നാണ് വിധിക്കെതിരെ അപ്പീൽ നൽകാൻ രാഹുൽ തീരുമാനിച്ചത്.
ഇതിനാണ് ഇന്ന് രാഹുൽ ഡൽഹിയിൽ നിന്നും സൂററ്റിലേക്ക് എത്തിയത്. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി വാദം കേൾക്കാനായി മെയ് മൂന്നിലേക്ക് മാറ്റി. ഏപ്രിൽ 13 വരെ രാഹുലിന്റെ ജാമ്യവും കോടതി നീട്ടി നൽകി.









Discussion about this post