ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച നടപടി ശരിവെച്ച് യുഎപിഎ ട്രിബ്യൂണൽ. ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദിനേശ് കുമാർ ശർമയായിരുന്നു ട്രിബ്യൂണലിൽ വിഷയം പരിഗണിച്ചത്. ദേശസുരക്ഷയ്ക്ക് ഭീഷണിയെന്ന് കണ്ടെത്തിയതും രാജ്യദ്രോഹ നിലപാടുകളും ചൂണ്ടിക്കാട്ടിയാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ നിരോധിച്ചത്.
അഞ്ച് വർഷത്തേക്കാണ് നിരോധനം. എന്നാൽ യുഎപിഎ ട്രിബ്യൂണലിന്റെ അംഗീകാരത്തോടെ മാത്രമേ ഇത് സംബന്ധിച്ച നിയമ നടപടികൾ പൂർത്തിയാകുമായിരുന്നുളളൂ. വിദേശത്ത് നിന്നും വഴിവിട്ട രീതിയിൽ ഫണ്ട് ശേഖരണം നടത്തിയെന്നുൾപ്പെടെയുളള കാര്യങ്ങളും നിരോധനത്തിന് കാരണമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. യുഎപിഎ നിയമത്തിലെ മൂന്നാം വകുപ്പിന്റെ ഒന്നാം ഉപവകുപ്പ് പ്രകാരമായിരുന്നു സർക്കാർ നടപടി.
നിരോധനം സംബന്ധിച്ച് പോപ്പുലർ ഫ്രണ്ടിന്റെ വാദവും ട്രിബ്യൂണൽ കേട്ടിരുന്നു. നിരോധനത്തെ എതിർത്ത് ഇവർ സമർപ്പിച്ച വാദങ്ങളെ ഖണ്ഡിക്കുന്ന ശക്തമായ തെളിവുകൾ സർക്കാരും ട്രിബ്യൂണലിന് മുൻപാകെ സമർപ്പിച്ചു. തുടർന്ന് നിരോധനത്തിലേക്ക് നയിച്ച സാഹചര്യവും ട്രിബ്യൂണൽ വിലയിരുത്തി.
പോപ്പുലർ ഫ്രണ്ടിനൊപ്പം അവരുടെ വിദ്യാർത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ട്, റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ തുടങ്ങിയ അനുബന്ധ സംഘടനകൾക്കും നിരോധനം ഏർപ്പെടുത്തിയിരുന്നു.
Discussion about this post