ന്യൂഡൽഹി: കേന്ദ്ര ഗതാഗത മന്ത്രി നിധിൻ ഗഡ്കരിയ്ക്ക് വീണ്ടും വധഭീഷണി. അദ്ദേഹത്തിന്റെ നാഗ്പൂരിലുള്ള ഓഫീസിലേക്കാണ് തുടർച്ചയായി ഭീഷണി സന്ദേശം ലഭിച്ചത് . ഇതേ തുടർന്ന് അദ്ദേഹത്തിന്റെ വസതിയിലും ഓഫീസിലും സുരക്ഷ ശക്തമാക്കി.
ഇന്നലെയാണ് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോൺ കോൾ ലഭിക്കുന്നത്. 10 കോടി രൂപ നൽകണമെന്നും, അല്ലെങ്കിൽ ജീവഹാനിയുണ്ടാകുമെന്നുമായിരുന്നു ഭീഷണി. ഓഫീസിലെ ജീവനക്കാരനാണ് ഫോൺ എടുത്തത്. പ്രതി ഫോൺ വച്ചതിന് തൊട്ട് പിന്നാലെ ജീവനക്കാരൻ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. നാഗ്പൂരിൽ ഓറഞ്ച് സിറ്റി ഓഫീസിന് എതിർ വശത്തായാണ് അദ്ദേഹത്തിന്റെ ഓഫീസ്. ഇവിടെയും നാഗ്പൂരിലെ വസതിയിലുമാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഫോൺ കോൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത് എന്ന് പോലീസ് അറിയിച്ചു.
ഇക്കഴിഞ്ഞ ജനുവരിയിൽ പൂജാരി എന്ന പേരിൽ ഒരാൾ വിളിച്ച് പണം ആവശ്യപ്പെട്ട് ഗഡ്കരിയെ ഭീഷണിപ്പെടുത്തിയിരുന്നു. 100 കോടി രൂപ വേണമെന്ന് ആയിരുന്നു ഭീഷണി. ദാവൂത് ഇബ്രാഹിമിന്റെ സംഘത്തിൽപ്പെട്ടയാളാണ് താനെന്നും ഇയാൾ പറഞ്ഞിരുന്നു. ഇയാൾ ഉൾപ്പെടുന്ന സംഘമാണോ ഇന്നലെ ലഭിച്ച ഭീഷണിയ്ക്ക് പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്.
Discussion about this post