കൊച്ചി: അവിവാഹിതരായ പെൺമക്കൾക്ക് പിതാവിൽ നിന്നും വിവാഹ ചിലവ് ലഭിക്കാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. മതപരമായ വേർതിരിവില്ലാതെയാണ് പെൺമക്കളുടെ ഈ അവകാശമെന്ന് ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കുടുംബ കോടതി ഉത്തരവിനെതിരായ ഹർജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.
അവിവാഹിതരായ പെൺമക്കൾക്ക് പിതാവിൽ നിന്നും വിവാഹ ചിലവിനുള്ള പണം ലഭിക്കേണ്ടത് നിയമപരമായ അവകാശമാണ്. മതപരമായ വ്യത്യാസം അതിനില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വിലയിരുത്തി. പാലക്കാട് സ്വദേശിനികളായ രണ്ട് പേർ കുടുംബ കോടതി ഉത്തരവിനെതിരെ നൽകിയ ഹർജിയിലാണ് ഹൈകോടതി നിരീക്ഷണം.
45 ലക്ഷത്തോളം രൂപ വിവാഹ ചിലവ് പിതാവിൽ നിന്നും ആവശ്യപ്പെട്ട് പാലക്കാട് കുടുംബ കോടതിയെ സമീപിച്ച ഹർജിക്കാർ എതിർ കക്ഷിയുടെ സ്വത്ത് വകകൾ ജപ്തി ചെയ്യാൻ അനുമതി തേടിയെടുത്തിരുന്നു. എന്നാൽ ഏഴര ലക്ഷം രൂപ മൂല്യമുള്ള സ്വത്ത് വകകൾ മാത്രമായിരുന്നു കുടുംബ കോടതി ജപ്തി ചെയ്യാൻ അനുവദിച്ചത്. ഇതിനെതിരെ ഹർജിക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി വിവാഹ ചെലവിനത്തിൽ ഹർജിക്കാർക്ക് അവകാശപ്പെടാനാകുന്ന തുക 15 ലക്ഷമാക്കി ഉയർത്തുകയും, പ്രസ്തുത തുകയ്ക്ക് തുല്യമായ പിതാവിന്റെ സ്വത്ത് വകകൾ ജപ്തി ചെയ്യാനും ഉത്തരവിടുകയായിരുന്നു. 15 ലക്ഷം രൂപ പിതാവ് ഫിക്‌സഡ് ഡെപ്പോസിറ്റായാ മറ്റേതെങ്കിലും മാർഗത്തിലൂടെയോ നിക്ഷേപിച്ചാൽ ജപ്തിയുടെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. ഇത് സംബന്ധിച്ച കുടുംബ കോടതി ഉത്തരവ് പരിഷ്‌കരിച്ചു കൊണ്ടാണ് ഹൈക്കോടതി നടപടി.
Discussion about this post